ന്യൂഡൽഹി:വാഹന അപകടത്തിൽ പെടുന്നവർക്ക് പണരഹിത ചികിത്സ ഉറപ്പു നൽകുന്ന പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രൂപം നൽകി. റോഡ് ഉപയോഗിക്കുന്ന എല്ലാവർക്കും ഇൻഷ്വറൻസ് ഉറപ്പാക്കും. അപകടത്തിൽ
മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിനും പരിക്കേൽക്കുന്നവർക്ക് ചികിൽസയ്ക്കും നഷ്ടപരിഹാരത്തിനുമായി മോട്ടോർ വാഹന അപകട നിധി സ്വരൂപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
അപകടങ്ങളിൽ പെടുന്നവർക്ക് പണമടയ്ക്കാനുള്ള ശേഷി തടസമാകാതെ
കൃത്യസമയത്ത് മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 21,000 ത്തിലധികം ആശുപത്രികളെ ബന്ധിപ്പിച്ച് ദേശീയ ആരോഗ്യ അതോറിട്ടിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളിലെ ഗതാഗതച്ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സെക്രട്ടറിമാർക്കും കത്തയച്ചു. ഈ മാസം 10നു മുമ്പ് അഭിപായങ്ങൾ അറിയിക്കണം.