ന്യൂഡൽഹി: പഞ്ചാബിൽ ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന 9 ഖാലിസ്ഥാൻ സംഘടനാ പ്രവർത്തകരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ പ്രകാരം ഭീകരരായി പ്രഖ്യാപിച്ചു. ഇവർ പാകിസ്ഥാന്റെ സഹായത്തോടെ പഞ്ചാബിൽ ഭീകര പ്രവർത്തനങ്ങൾക്ക് പദ്ധതിയിടുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. പാകിസ്ഥാന് പുറമെ യു.എസ്, കാനഡ, യു.കെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഖാലിസ്ഥാൻ സംഘടനകളിലെ പ്രവർത്തകരാണിവർ.
ബബർ ഖൽസാ ഇന്റർനാഷണൽ സംഘടനാ പ്രവർത്തകൻ വാധ്‌വാ സിംഗ് ബബർ, ഇന്റർനാഷണൽ സിക്ക് യൂത്ത് ഫെഡറേഷൻ പ്രവർത്തകൻ ലഖ്ബീർ സിംഗ്ൻ, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിന്റെ രഞ്ജീത് സിംഗ്, ഖാലിസ്ഥാൻ കമ്മാൻഡോ ഫോഴ്സ് പ്രവർത്തകൻ പരംജീത് സിംഗ്, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് ഭൂപീന്ദർ സിംഗ് ഭിണ്ട, ഗുർമീത് സിംഗ് ബാഗ, സിക്ക് ഫോർ ജസ്‌റ്റിസ് സംഘടനയുടെ ഗുർപന്ത് സിംഗ്, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ ഹർദീപ് സിംഗ് , ബബർ ഖൽസ ഇന്റർനാഷണൽ സംഘടനയിലെ പരംജീത് സിംഗ് എന്നിവരെയാണ് ഭീകരരായി മുദ്രകുത്തിയത്.