ന്യൂഡൽഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ മരുന്ന് ‘കൊറോനിലിൽ’ പ്രതിരോധ മരുന്നായി വിൽക്കാൻ അനുമതി നൽകി കേന്ദ്ര ആയുഷ് മന്ത്രാലയം. കൊവിഡിനുള്ള മരുന്നായി അല്ല മറിച്ച് പ്രതിരോധമരുന്നായി വിൽക്കാനാണ് അനുമതി.
കൊവിഡ് വ്യാപനം തടയാൻ പതഞ്ജലി മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവയ്‌ക്കുന്നതെന്ന് ബാബാ രാംദേവ് പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. കേന്ദ്രം ആയുഷ് മന്ത്രാലയവും പതഞ്ജലിയെ പ്രശംസിച്ചതായി രാംദേവ് പറഞ്ഞു. ‘കൊറോനിലി’ ന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. രാജ്യത്തെ എല്ലാ ആയുർവേദ മരുന്നുകടകളിൽ നിന്നും പതഞ്ജലി സ്റ്റോറുകളിൽ നിന്നും ഈ മരുന്ന് ലഭിക്കും.കൊറോനിൽ ഉപയോഗിച്ചാൽ കൊവിഡ് ഭേദമാകുമെന്ന് ഒരിക്കലും ഞങ്ങൾ അവകാശപ്പെട്ടില്ല.തുളസി,ചിറ്റമൃത്, അമക്കൂരം തുടങ്ങിയ ഔഷധ സസ്യങ്ങൾ ചേർത്ത് 'കൊറോനിൽ' എന്ന പേരിൽ ഒരു പ്രതിരോധ മരുന്നു മാത്രമാണിതെന്നും പതഞ്ജലി അറിയിച്ചു. കഴിഞ്ഞ ജൂൺ 23നാണ് രോഗപ്രതിരോധത്തിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പത്രസമ്മേളനത്തിലൂടെ അവകാശപ്പെട്ടത്.ഇതു പരീക്ഷിച്ച രോഗികൾക്കു രോഗം മാറുകയോ ശരീരത്തിലെ വൈറൽ ബാധയുടെ തോത് കുറയുകയോ ചെയ്തതായി കമ്പനി അവകാശപ്പെട്ടു.പ്രഖ്യാപനത്തിനു പിന്നാലെ, ഇങ്ങനെയൊരു മരുന്നിനെക്കുറിച്ചു വിവരമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആയുഷ് മന്ത്രാലയം രംഗത്തെത്തി. മാദ്ധ്യമങ്ങളിലൂടെയാണ് കണ്ടുപിടുത്തതിന്റെ വിവരം അറിഞ്ഞതെന്നും കമ്പനിയോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിക്കുകയായിരുന്നു