pri

ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇനി ലഖ്‌നൗവിൽ താമസിച്ച് ഉത്തർപ്രദേശ് രാഷ്‌ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എസ്.പി.ജി സംരക്ഷണം ഇല്ലാത്തതിനാൽ ഡൽഹി വി.ഐ.പി മേഖലയിലെ ബംഗ്ളാവ് ഒഴിയണമെന്ന കേന്ദ്ര പാർപ്പിട മന്ത്രാലയത്തിന്റെ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് പ്രിയങ്കയുടെ ഭാവി പരിപാടികളുടെ വിവരങ്ങൾ പുറത്തു വന്നത്.

കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ഔദ്യോഗിക ചുമതല ആരംഭിച്ച പ്രിയങ്ക ലക്നൗവിൽ സ്ഥിരതാമസമാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അമ്മായിയായ ഷീലാ കൗളിന്റെ വസതിയിലേക്ക് മാറാൻ മകൾ മിറായയുടെ ബോർഡ് പരീക്ഷ കഴിയാൻ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ലോക്ക്ഡൗണെത്തിയത്.

ഡൽഹി ലോധി എസ്റ്റേറ്റിലെ വസതി ആഗസ്‌റ്റ് ഒന്നിനകം ഒഴിയാനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജൂൺ 30 വരെയുള്ള 3,46,677 രൂപയുടെ കുടിശ്ശിക ഓൺലൈനായി അടച്ചു. ഇനി ലക്നൗവിലേക്ക് താമസം മാറ്റാൻ നടപടി തുടങ്ങും. യു.പി നേതാക്കളെയും പ്രവർത്തകരെയും കാണാനും രാഷ്‌ട്രീയ തന്ത്രങ്ങൾക്ക് രൂപം നൽകാനും സ്ഥിരം താവളം പ്രയോജനം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിദ്ധ്യം പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കിയില്ല. സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള ദൗത്യമാണ് പ്രിയങ്കയ്‌ക്കുള്ളത്. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രിയങ്ക യു.പിയിൽ നടത്തിയ പ്രക്ഷോഭം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയങ്കയെ യു.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് കാർത്തി ചിദംബരം അടക്കം ചില നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു.

ബി.ജെ.പിക്ക് പുറമെ മായാവതിയുടെ ബി.എസ്.പി അടക്കം പ്രതിപക്ഷ കക്ഷികൾക്കും കോൺഗ്രസിന് തിരിച്ചുവരവൊരുക്കാൻ പ്രിയങ്ക വരുന്നതിൽ ആശങ്കയുണ്ട്. ചൈനാ വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ വിമർശിച്ച മായാവതിയെ പ്രിയങ്ക ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താവെന്ന് വിശേഷിപ്പിച്ചിരുന്നു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുമെന്നുറപ്പാണ്.