ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6.20 ലക്ഷം കടന്നു. മരണം 18000 പിന്നിട്ടു. ജൂലായ് ഒന്നുവരെയുള്ള ഒരാഴ്ചകാലയളവിൽ 2941 പേരാണ് മരിച്ചത്.
കൊൽക്കത്തയിൽ കരസേന ഈസ്റ്റേൺ കമാൻഡിലെ ബ്രിഗേഡിയർ വികാസ് സമ്യാൽ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് സൈന്യത്തിൽ മരിക്കുന്ന ഉയർന്ന റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 59.52 ശതമാനം. 24 മണിക്കൂറിനിടെ 11881 പേർക്ക് രോഗം ഭേദമായി. ഇതുവരെ 359859 പേർ രോഗമുക്തി നേടിയത്. 2,26947 പേർ ചികിത്സയിൽ.
രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം 90 ലക്ഷം കടന്നു. ജൂലായ് ഒന്നുവരെ 9056173 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ലാബുകളുടെ എണ്ണം 1065. ഇതിൽ 768 എണ്ണം സർക്കാർ ലാബുകളാണ്.
രാജ്യത്ത് രോഗമുക്തി ഏറ്റവും കൂടുതൽ ചണ്ഡീഗഡിലാണെന്ന് ആരോഗ്യമന്ത്രാലയം. 82.3 ശതമാനം. മേഘാലയ, രാജസ്ഥാൻ,ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്,ത്രിപുര, ബീഹാർ,മിസോറാം, മദ്ധ്യപ്രദേശ്,ജാർഖണ്ഡ്,ഒഡിഷ, ഗുജറാത്ത്, ഹരിയാന, ലഡാക്ക്, യു.പി എന്നീ സംസ്ഥാനങ്ങളാണ് ആദ്യ 15ലുള്ളത്.
ആന്ധ്രാപ്രദേശിൽ 845 പുതിയ രോഗികളും 5 മരണവും. ആകെ കേസുകൾ 16000 കടന്നു.
ബിഹാറിൽ 188 പുതിയ രോഗികളും 5 മരണവും
ഹരിയാന 260 പുതിയ രോഗികൾ
പുതുച്ചേരി 63 പേർക്ക് കൂടി രോഗം
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയർന്നു. 5 ശതമാനമാണ് ഇൻഡോറിലെ മരണനിരക്ക്. ദേശീയ നിരക്ക് 2.95 ആണ്.
ഇൻഡോറിൽ ഇതുവരെ 232 പേരാണ് മരിച്ചത്. ആകെ കേസുകൾ അയ്യായിരത്തിനടുത്തെത്തി. മദ്ധ്യപ്രദേശിൽ ആകെ മരണം 581 ആണ്.
മഹാരാഷ്ട്ര സർക്കാർ രൂപീകരിച്ച 9 ഡോക്ടർമാരടങ്ങിയ കൊവിഡ് ടാസ്ക് ഫോഴ്സിലെ മുതിർന്ന അംഗത്തിന് കൊവിഡ്.
കൊൽക്കത്തയിൽ ഏഴ് പൊലീസുകാർക്ക് കൊവിഡ്
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ സമൂഹവ്യാപനമില്ലെന്ന് സംസ്ഥാന സർക്കാർ. ഏറെക്കുറെ എല്ലാ കേസുകളിലും രോഗബാധയുടെ ഉറവിടം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും സംസ്ഥാനത്ത് സാമൂഹ്യവ്യാപനമില്ലെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.
കൊവിഡ് സാഹചര്യത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുമായി ചർച്ച നടത്തി.