ന്യൂഡൽഹി: രാജ്യത്ത് 2023 ഏപ്രിലോടെ സ്വകാര്യ മേഖലയിൽ ട്രെയിൻ സർവീസുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. മികച്ച സാങ്കേതിക വിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന സ്വകാര്യ ട്രെയിനുകളിൽ വിമാന ടിക്കറ്റിന്റെ മാതൃകയിലാകും നിരക്കുകൾ നിശ്‌ചയിക്കുക.
ഇത് റെയിൽവേ സ്വകാര്യവത്‌ക്കരിക്കാനുള്ള നീക്കമല്ലെന്നും 2800 സർവീസുകളിൽ അഞ്ചു ശതമാനം മാത്രമാണ് കൈമാറുന്നതെന്നും ചെയർമാൻ വി.കെ. യാദവ് അറിയിച്ചു. യാത്രക്കാർക്ക് ആവശ്യത്തിന് ട്രെയിനുകൾ ലഭ്യമാകുമെന്നും വെയിറ്റിംഗ് ലിസ്‌റ്റ് എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം 109 റൂട്ടുകളിൽ 151 ട്രെയിനുകൾ സ്വകാര്യവത്‌ക്കരിക്കാനുള്ള ടെൻഡർ ക്ഷണിച്ചിരുന്നു.
സ്വകാര്യ ട്രെയിനുകളുടെ പ്രത്യേകത:
ആധുനിക സാങ്കേതിക വിദ്യ, കൂടുതൽ വേഗത
അറ്റകുറ്റപ്പണി ഓരോ 40,000 കിലോമീറ്ററിനു ശേഷം (നിലവിൽ 4000കിലോമീറ്റർ)
കോച്ചുകൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമ്മിക്കും
നിരക്കുകൾ മത്സരാധിഷ്‌ഠിതം: വിമാന ടിക്കറ്റ് മാതൃകയിൽ ഡിമാൻഡ് അനുസരിച്ച് മാറും
വൈദ്യുതി, സ്‌റ്റേഷൻ, ട്രാക്ക്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കാൻ സ്വകാര്യ ഓപ്പറേറ്റർമാർ റെയിൽവേയ്ക്ക് പണം നൽകണം
ട്രെയിൻ എൻജിനിൽ വൈദ്യുതി ഉപഭോഗം അറിയാൻ മീറ്റർ വയ്‌ക്കും
സർവീസിൽ 95ശതമാനം കൃത്യത പാലിക്കണം. ഇല്ലെങ്കിൽ പിഴ