covid

ന്യൂഡൽഹി: ഡൽഹിയിൽ കന്യാസ്ത്രീ അടക്കം രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സന്യാസിനി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻഷ്യാൾ സുപ്പീരിയറായ സിസ്റ്റർ അജയ മേരി (68) , പന്തളം സ്വദേശി തങ്കച്ചൻ മത്തായി (65) എന്നിവരാണ് മരിച്ചത്.
കൊല്ലം കുമ്പളം വാഴവിള ബെനഡിക്ട്- ലീന ദമ്പതികളുടെ മകളായ സിസ്റ്റർ അജയ മേരി ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഛത്തീസ്ഗഡിലെ റായ്പൂരിലെ ദീർഘകാലം സേവനത്തിന് ശേഷം 2018ലാണ് ഡൽഹി പ്രൊവിൻഷ്യൽ സുപ്പീരിയറായി നിയമിതയായത്. ബംഗളൂരു ബൈരതിയിലുള്ള സോഷ്യൽ സർവീസ് സെന്റർ മാനേജർ, കോർബ നിർമല, ഛറോദ ജ്യോതി വിദ്യാലയ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹിയിലെ ഹസ്താലിൽ താമസിക്കുന്ന തങ്കച്ചൻ മത്തായി, ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. പന്തളത്ത് കുമ്പുക്കാട് തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ: പൊന്നമ്മ മത്തായി. മക്കൾ: പ്രിൻസി ബെന്നി, റിൻസി ബാബാഷ്.