ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, ജയിലിലെ മറ്റ് ജോലികളുമടക്കം ഒരായിരം നൂലാമാലകൾക്കിടെ മറ്റൊരു എട്ടിന്റെ പണികൂടി കിട്ടിയിരിക്കുകയാണ് ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെ ജീവനക്കാർക്ക്. ഇരുപത്തിനാല് മണിക്കൂറും നിർത്താതെ അടിക്കുന്ന ജയിൽഫോണിന് മറുപടി പറയുക.
'ഹലോ ! ശശികലയെ എപ്പോ മോചിപ്പിക്കും?..' ഇതാണ് എല്ലാവർക്കും അറിയേണ്ടത്.
ജയിൽമോചനത്തെ പറ്റി അറിയില്ല എന്നാണ് ഉത്തരം പറയുന്നതെങ്കിൽ അത് എന്താണ് അറിയാത്തത് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. റിപ്പബ്ലിക് ദിനത്തിലുണ്ടാകുമോ, പൊങ്കലിന് ഉണ്ടാകുമോ, സ്വാതന്ത്ര്യദിനത്തിൽ ഉണ്ടാകുമോ മോചനം എന്നാണ് വിളിക്കുന്നവർക്ക് അറിയേണ്ടത്.
അനധികൃതസ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതോടെ 2017 ജനുവരി 15നാണ് ശശികല പരപ്പന അഗ്രഹാര ജയിലിൽ എത്തിയത്. ശശികല ആഗസ്റ്റ് 14ന് ജയിൽമോചിതയാവുമെന്ന് ബി.ജെ.പി. നേതാവ് ഡോ.അസീർവതം ആചാരിയാണ് ട്വീറ്റ് ചെയ്തത്. ചില ദേശീയ മാദ്ധ്യമങ്ങളിലും മോചനത്തെക്കുറിച്ച് വാർത്തകൾ വന്നു. ഇതോടെയാണ് ജയിൽ അധികൃതർക്ക് കിടക്കപ്പൊറുതി ഇല്ലാതെയായത്.
എന്നാൽ ട്വീറ്റിലുള്ള കാര്യം വാസ്തവവിരുദ്ധമാണെന്നാണ് കർണാടക പൊലീസ് പറയുന്നത്.ശശികല ചെയ്ത കുറ്റത്തിന് പെട്ടെന്ന് ജയിൽ മോചിതയാകാൻ ഒരു സാദ്ധ്യതയും കാണുന്നില്ല.തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും വിളിക്കുന്നവരെ ഇക്കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കാറുണ്ടെന്നും എന്നാൽ ഭൂരിഭാഗം പേർക്കും കാര്യം മനസിലാകാറില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ഭർത്താവ് നടരാജന് അസുഖമായതിനെ തുടർന്ന് 2017 ഒക്ടോബറിൽ ശശികലക്ക് അഞ്ച് ദിവസത്തെ പരോളും 2019 മാർച്ചിൽ നടരാജൻ അന്തരിച്ചതിനെ തുടർന്ന് 12 ദിവസത്തെ പരോളും നൽകിയിരുന്നു. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശശികലയെ മോചിപ്പിച്ചാൽ തമിഴ്‌നാട് വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുമെന്നാണ് കരുതുന്നത്.