nn

ന്യൂഡൽഹി: പേമാരിയിൽ യജമാനന്റെ വീടിന് കാവൽ നിന്ന് വെള്ളപ്പൊക്കത്തിൽ മരിച്ചൊരു നായയെക്കുറിച്ച് പ്രശസ്ത കഥാകാരൻ തകഴി എഴുതിയ കഥ നമ്മൾ കുഞ്ഞുക്ലാസിൽ പഠിച്ചിട്ടുണ്ട്. എന്നാൽ അങ്ങ്, ഉത്തർപ്രദേശിലെ കാൻപൂരിലെ ബാരയിൽ പ്രിയപ്പെട്ട ഉടമയുടെ വേർപാട് താങ്ങാനാകാതെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതിരിക്കുകയാണ് ജയ എന്ന വളർത്തുനായ.

നായയുടെ ഉടമയും ആരോഗ്യവിഭാഗം ജോയിന്റ് ഡയറക്ടറുമായ ഡോ.അനിതാ രാജ സിംഗ് വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച മരിച്ചിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നായ വീട്ടിലെ മുകൾ നിലയിൽ നിന്ന് കുരച്ച് നിലവിളിച്ച ശേഷം താഴോട്ട് ചാടുകയായിരുന്നെന്ന് അനിതയുടെ മകൻ തേജസ് പറയുന്നു. നായയെ ഉടൻ തന്നെ സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായയുടെ നട്ടെല്ല് തകർന്നിരുന്നതായും തേജസ് പറയുന്നു.

അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ നായ ഏറെ ദുഃഖിതയായിരുന്നെന്നും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നതായും മകൻ പറഞ്ഞു. വീട്ടുടമയുടെ സംസ്‌കാരത്തിന് പിന്നാലെ വീടീന് സമീപത്ത് നായയുടെ സംസ്‌കാരവും നടത്തി. 12 വർഷങ്ങൾക്ക് മുൻപ് റോഡിൽ വച്ച് മേലാകെ പുഴുവരിച്ച നിലയിലാണ് ഇവർക്ക് നായക്കുട്ടിയെ കിട്ടിയത്. അതിന്റെ ദയനീയാവസ്ഥ കണ്ട് നായയെ അവർ വീട്ടിൽകൊണ്ടുവന്ന് വളർത്തുകയായിരുന്നു. തുടർന്ന് വീട്ടിലെ ഒരംഗമായി നായ മാറുകയായിരുന്നു.