ന്യൂഡൽഹി: ഇന്ത്യൻ സൈനികർ എതിരാളികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച ശൗര്യവും ധീരതയും ലോകത്തിന് നൽകിയ ശക്തമായ സന്ദേശമാണെന്നും മറ്റുള്ളവരുടേത് പിടിച്ചെടുക്കാൻ ശ്രമിച്ചവർ തോറ്റു പിൻമാറിയതാണ് ചരിത്രമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഗാൽവനിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ നിമൂ പോസ്റ്റിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ലഡാക്ക് മുതൽ കാർഗിൽ വരെ, സിയാച്ചിനിൽ, ഗാൽവനിലെ തണുത്തുറഞ്ഞ വെള്ളത്തിലും കല്ലിലും മണ്ണിലും ഇന്ത്യൻ സൈന്യത്തിന്റെ പരാക്രമ ശക്തി തെളിയിക്കപ്പെട്ടു. സ്വയംപര്യാപ്തമാകാനുള്ള ആത്മനിർഭര ഭാരത് പദ്ധതിയുടെ അടിസ്ഥാനം സൈനികരുടെ ത്യാഗമാണ്. നിങ്ങളുടെ ഇച്ഛാശക്തി പർവ്വതനിരകളെക്കാൾ പ്രബലമാണ്. ഞാനത് നേരിട്ട് അനുഭവിക്കുന്നു. നേരിട്ട് കാണുന്നു. നിങ്ങളുടെ ഉറച്ച കൈകളിൽ രാജ്യം സുരക്ഷിതമാണെന്ന് ഓരോ ഇന്ത്യാക്കാരനും വിശ്വസിക്കുന്നു. രാജ്യം മുഴുവനും അതിനാൽ സ്വസ്ഥമാണ്.
നിങ്ങളുടെ ശൗര്യവും രാജ്യത്തിന്റെ രക്ഷയ്ക്കായുള്ള സമർപ്പണവും അതുല്യമാണ്. കഠിന പരിസ്ഥിതിയിൽ ഉയരത്തിൽ രാജ്യരക്ഷ്യയ്ക്കായി നിലകൊള്ളുന്ന നിങ്ങളുടെ സേവനത്തിന് പകരം വയ്ക്കാൻ ലോകത്ത് മറ്റൊന്നുമില്ല. നിങ്ങളുടെ സാഹസികത നിങ്ങൾ ജോലി ചെയ്യുന്ന മലനിരകളെക്കാളും ഉയരത്തിലാണ്.
ഫയർ ആൻഡ് ഫ്യൂറി എന്നറിയപ്പെടുന്ന ലഡാക്കിലെ 14-ാം കോറിനെ പരാമർശിച്ച് 'നിങ്ങളുടെ ഫയറും ഫ്യൂറിയും (അഗ്നിയും വീര്യവും) ലോകം കണ്ടുവെന്നും മോദി പറഞ്ഞു. 14-ാം കോർപ്സിന്റെ വീരഗാഥകൾ എല്ലാ വീടുകളും ഏറ്റുപാടുകയാണ്.
സമാധാനം തകർക്കുന്നത് ദുർബലർ
ദുർബലർക്ക് സമാധാനം സംരക്ഷിക്കാനാവില്ല. അതിന് ശൗര്യം വേണം. സാമ്രാജ്യം വികസിപ്പക്കലിന്റെ കാലം കഴിഞ്ഞു. ഇത് വികസനത്തിന്റെ കാലമാണ്. ലോക മഹായുദ്ധങ്ങളിലും ആഗോള സമാധാന ശ്രമങ്ങളിലും നമ്മുടെ ധീര സൈനികരുടെ വിജയവും ഇടപെടലുകളും ലോകം കണ്ടിട്ടുണ്ട്.
സൈനികർ കാക്കുന്നത് ഭാരത സംസ്കാരം
ശൗര്യം, ആദരവ്, മര്യാദപൂർവ്വമായ ഇടപെടൽ, വിശ്വസനീയത എന്നിവ അടിസ്ഥാനമാക്കിയാണ് നാം മുന്നോട്ടുപോകുന്നത്. നാം മാനവിതകയുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്നവരാണ്. ഈ ഭാരത സംസ്കാരം സംരക്ഷിക്കുന്നവരാണ് സൈനികർ.
കൃഷ്ണാരാധന ഉദാഹരണം
നാം ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്നു. അതേസമയം സുദർശന ചക്രംവഹിക്കുന്ന ശ്രീകൃഷ്ണനെയും ആരാധിക്കുന്നു. ഈ ഭൂമിക്ക് അനേകം ആക്രമണങ്ങളുടെയും അത്യാചാരങ്ങളുടെയും മുനയാെടിച്ച ചരിത്രമുണ്ട്.
വീരമാതാക്കൾക്കും വന്ദനം
രാജ്യസുരക്ഷയുടെ കാര്യത്തിൽ ഭാരതാംബയ്ക്കൊപ്പം പരാക്രമികളായ ജവാൻമാർക്ക് ജൻമം നൽകിയ വീരമാതാക്കളെയും ഞാൻ വന്ദിക്കുന്നു. യുദ്ധമുന്നണിയിൽ എന്റെ മുന്നിലിരിക്കുന്ന വനിതാ സൈനികർ പ്രചോദനമാണ്. കഠിനമായ എല്ലാ വെല്ലുവിളികളും ജയിച്ച് മുന്നേറട്ടെ.
സൈന്യത്തിന് എല്ലാ സഹായവും
സൈന്യത്തിന് എല്ലാ സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. അതിർത്തികളിലെ അടിസ്ഥാന വികസനം മൂന്നു മടങ്ങ് മെച്ചപ്പെടുത്തി. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനം, യുദ്ധസ്മാരകം നിർമ്മാണം, ഒറ്ററാങ്ക് ഒറ്റ പെൻഷൻ പദ്ധതി തുടങ്ങിയവും മോദി എടുത്തു പറഞ്ഞു.