ന്യൂഡൽഹി : വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്നത് വംശീയാക്രമണമാണെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. അക്രമകാരികളെ പരസ്പരം ഏകോപിപ്പിക്കാൻ 'കട്ടർ ഹിന്ദുത് ഏക്ത' എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചുവെന്നും ജൂൺ 29 ഡൽഹി മെട്രോപോളിറ്റിയൻ മജിസ്‌ട്രേറ്റിന് സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നു. 'ജയ്ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ കലാപത്തിൽ ഒൻപതു പേരാണ് കൊല്ലപ്പെട്ടത് .

പേര്, വിലാസം, രേഖ എന്നിവ ചോദിച്ചുകൊണ്ട് ആളുകളെ പിടികൂടി മതം തിരിച്ചറിയാൻ ശ്രമിച്ചു. ഇതിനു വിസമ്മതിച്ചവരെ മർദിച്ച് അവശരാക്കി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. ഇത്തരത്തിൽ ഒൻപത് പേർ ഫെബ്രുവരി 25നും 26നും ഇടയിൽ ഭഗീരഥി വിഹാറിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി 25ന് ഉച്ചയോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പ് നിർമിക്കുന്നത്. തുടക്കത്തിൽ 125 അംഗങ്ങളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. മാർച്ച് എട്ടോടെ 47പേർ ഗ്രുപ്പിൽ നിന്നും പുറത്തുപോയി. . ഭഗീരഥി വിഹാർ, ഗംഗാവിഹാർ എന്നിവടങ്ങളിൽ ആക്രമണത്തിൽ പങ്കെടുത്ത ജതിൻ ശർമ, റിഷഭ് ചൗധരി, വിവേക് പഞ്ചാൽ, ലോകേഷ്‌ സോളങ്കി, പങ്കജ് ശർമ, പ്രിൻസ്, സുമിത് ചൗധരി, അങ്കിത് ചൗധരി, ഹിമാൻഷു താക്കൂർ എന്നിവരടങ്ങുന്ന സംഘത്തെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.