co

ന്യൂഡൽഹി: മനുഷ്യരിലുള്ള പരീക്ഷണം പൂർത്തിയാക്കി ആഗസ്‌റ്റ് 15നുള്ളിൽ കൊവിഡ് വാക്‌സിൻ തയ്യാറാക്കണമെന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്ത്യയ്ക്ക് ഐ.സി.എം.ആർ നിർദ്ദേശം നൽകി. എന്നാൽ മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്‌സിൻ തയ്യാറാകുമോ എന്ന് സംശയമുണ്ട്.

കോവാക്‌സിൻ എന്ന പേരിലുള്ള വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ കഴിഞ്ഞ ദിവസമാണ് ഗ്രഡ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ജൂലായ് 13 മുതൽ മൂന്ന് ഘട്ടങ്ങളായി 1225 പേരിൽ പരീക്ഷണത്തിന് തയ്യാറെടുപ്പ് തുടങ്ങാനിരിക്കെയാണ് ആഗസ്‌‌റ്റ് 15നുള്ളിൽ വാക്‌സിൻ പുറത്തിറക്കാനുള്ള അന്ത്യശാസനം. ജൂലായ് 7ന് ട്രയൽ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമയ പരിധി കർശനമായി പാലിക്കണമെന്നും ഐ.സി.എം.ആർ മേധാവി ബൽറാം ഭാർഗവ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യരിൽ പരീക്ഷിക്കുന്ന രണ്ടു ഘട്ടങ്ങൾ വിജയിച്ചാൽ തന്നെ വാക്‌സിൻ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാം. എന്നാൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കാൻ ഈ വർഷം അവസാനം വരെ എടുക്കുമെന്നാണ് വിലയിരുത്തൽ. മനുഷ്യരിലുള്ള ട്രയൽ മൂന്നാം ഘട്ടത്തിലെത്തിയ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുടെ വാക്‌സിൻ പോലും ഈവർഷം അവസാനത്തോടെ മാത്രമെ തയ്യാറാകൂ. അതിനാൽ ആഗസ്‌റ്റ് 15നകം വാക്‌സിൻ തയ്യാറാക്കണമെന്ന ഐ.സി.എം.ആറിന്റെ നിർദ്ദേശം ധൃതിപിടിച്ചുള്ളതാണെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

@വാക്സിൻ ഇങ്ങനെ

പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് നൽകിയ കൊവിഡ് വൈറസുകളിലാണ് ഭാരത് ബയോടെക് വാക്‌സിൻ ഗവേഷണം നടത്തുന്നത്. വൈറസിലെ ജനിതക ഘടകങ്ങളെ വേർതിരിച്ച് കോശ വിഭജനം തടഞ്ഞ ശേഷം മനുഷ്യരിൽ കുത്തിവയ്‌ക്കുന്നതാണ് ട്രയൽ ഘട്ടം. ഈ വൈറസുകൾ വാക്‌സിൻ ആയി പ്രവർത്തിക്കും. വിഭജിക്കാൻ കഴിയാത്തതിനാൽ അപകടകാരിയല്ലാത്ത വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതോടെ പ്രതിരോധ ഘടകങ്ങൾ രൂപപ്പെടും. ഈസമയത്ത് അപകടകാരികളായ സാധാരണ വൈറസുകളെ കുത്തിവയ്‌ക്കും. നേരത്തെ രൂപപ്പെട്ട പ്രതിരോധ ഘടകങ്ങൾക്ക് വൈറസിനെ ചെറുക്കാൻ കഴിയുമെങ്കിൽ വാക്‌സിൻ വിജയമാകും.