ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ജെ.ഇ.ഇ മെയിൻ, നീറ്റ് പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റിയതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാൽ നിഷാങ്ക് അറിയിച്ചു. സെപ്തംബർ ഒന്ന് മുതൽ ആറു വരെയായിരിക്കും ജെ.ഇ.ഇ മെയിൻ പരീക്ഷ. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ 27ന് നടത്തും. നീറ്റ് പരീക്ഷ സെപ്തംബർ 13നാണ്.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. പരീക്ഷകൾ നടത്താൻ കഴിയുമോയെന്ന് പരിശോധിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച സമിതി ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് മന്ത്രി പുതിയ തീയതി പ്രഖ്യാപിച്ചത്.