modi

ന്യൂഡൽഹി: വെള്ളിയാഴ്‌ച ലേയിൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പരിക്കേറ്റ സൈനികരെ കണ്ട ആശുപത്രി ഒറിജിനൽ അല്ലെന്നും സിനിമയിലെ പോലെ സെറ്റിട്ടതാണെന്നുമുള്ള സമൂഹമാദ്ധ്യമങ്ങളിലെ വിമർശനങ്ങളെ സേന അപലപിച്ചു

സൈനിക ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതിനാൽ ക്യാമ്പിലെ ട്രെയിനിംഗ് ഹാളിൽ താത്ക്കാലികമായി തയ്യാറാക്കിയ കേന്ദ്രത്തിലാണ് നിസാര പരിക്കുകളുള്ള സൈനികരെ ചികിത്സിക്കുന്നതെന്ന് സേന വ്യക്തമാക്കി.

മോദി സൈനികരുമായി സംവദിക്കുന്ന ചിത്രത്തിൽ കണ്ട പ്രൊജക്‌ടറും വീഡിയോ സ്‌ക്രീനും ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിലർ വിമർശനം ഉന്നയിച്ചത്. സൈനികർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും ഇതു സംബന്ധിച്ച വിമർശനങ്ങൾ നിർഭാഗ്യകരമാണെന്നും സേന അറിയിച്ചു. ജനറൽ ആശുപത്രിയോട് ചേർന്നു തന്നെയാണ് 100 കിടക്കകളുള്ള കേന്ദ്രം. ഒരാഴ്‌ച മുമ്പ് കരസേനാ മേധാവി ജനറൽ എം.എം. നരാവനെ സൈനികരെ സന്ദർശിച്ചപ്പോൾ പുറത്തു വിട്ട ചിത്രത്തിലും ഇതേ ഹാൾ ആണുള്ളത്.