ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 22721 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 22000 കടക്കുന്നത്. ജൂലായ് ഒന്നിന് 19,429 പേർക്കും രണ്ടിന് 21947 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നു ദിവസം കൊണ്ടുമാത്രം 64097 പേർ രോഗികളായി. 1260 പേർ മരിച്ചു.
ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരായ 17 പേർക്ക് കൊവിഡ്. സഹപൂജാരി, സംഗീതജ്ഞർ, സുരക്ഷാ ജീവനക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് സാഹചര്യത്തിൽ അടച്ച ക്ഷേത്രത്തിൽ ജൂൺ 11 മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്.
ഉത്തർപ്രദേശിലെ ഗ്രാമവികസന മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും ഭാര്യയ്ക്കും കൊവിഡ്.
ആന്ധ്രാപ്രദേശിൽ ആകെ കേസുകൾ 17000 കടന്നു. ഇന്നലെ 765 പുതിയ രോഗികളും 12 മരണവും റിപ്പോർട്ട് ചെയ്തു. ബീഹാറിൽ 349 പുതിയ രോഗികളും ഒരു മരണവും. ഹരിയാനയിൽ 243 പേർക്ക് കൂടി രോഗം.
ഒഡിഷയിൽ 495 പുതിയ രോഗികളും 43 മരണവും. പുതുച്ചേരിയിൽ 80 പുതിയ രോഗികളും ഒരു മരണവും. യു.പിയിൽ 24 മരണവും 757 പുതിയ രോഗികളും.
ഗോവയിൽ കൊവിഡ് രോഗചികിത്സയ്ക്കായി പ്ലാസ്മ ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി.
ത്രിപുരയിൽ നഗരമേഖലകളിലെ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പൈനാപ്പിളും നാരങ്ങ ജ്യൂസും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം
രോഗമുക്തി നിരക്ക് 60.81 ശതമാനം
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 60.81 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 14335 പേർക്ക് രോഗം ഭേദമായി. ഇതുവരെ 3,94,226 പേർ രോഗമുക്തി നേടി. നിലവിൽ 2,35,433 പേരാണ് ചികിത്സയിലുള്ളതെന്നും രോഗമുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 1,58793 ആയി ഉയർന്നതായും കേന്ദ്രം അറിയിച്ചു. ഇതുവരെ 95,40,132 സാമ്പിളുകൾ പരിശോധിച്ചു.