ന്യൂഡൽഹി: കൊവിഡ് കാലത്തെ വിവിധ പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ ക്രോഡീകരിച്ച് ബി.ജെ.പി സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാദ്ധ്യയയുടെ ജന്മദിനമായ സെപ്‌തംബർ 25ന് പ്രസിദ്ധികരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സേവാ ഹീ സംഘടൻ പ്രവർത്തനങ്ങളുടെ അവലോകന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ദൗത്യം തിരഞ്ഞെടുപ്പ് ജയിക്കൽ അല്ലെന്നും ജനസേവനമാണെന്നും മോദി പറഞ്ഞു.
കൊവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ, ജനങ്ങളുടെ അനുഭവങ്ങൾ, അഭിമുഖങ്ങൾ, സാഹിത്യ സൃഷ്‌ടികൾ എന്നിവ പ്രാദേശിക, ജില്ല, സംസ്ഥാന, ദേശീയ തലത്തിൽ തയാറാക്കി ദേശീയ തലത്തിൽ ക്രോഡീകരിച്ച് ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കാനാണ് മോദിയുടെ ആഹ്വാനം. വിവരങ്ങൾ ക്രോഡീകരിക്കാൻ ഡൽഹിയിൽ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കും. ഡിജിറ്റൽ പതിപ്പ് മാതൃഭാഷകളിലും ഹിന്ദിയിലും ഇംഗ്ളീഷിലും തയ്യാറാക്കും. ഇംഗ്ളീഷിൽ തയ്യാറാക്കിയാലേ ലോകം മുഴുവൻ അത് പ്രചരിക്കൂ എന്നും മോദി ചൂണ്ടിക്കാട്ടി. ബാക്കി സംസ്ഥാനങ്ങൾ പ്രവർത്തനങ്ങൾ എഴുതി തനിക്ക് അയ്‌ക്കണമെന്നും താൻ വായിച്ച് പ്രതികരണം അറിയിക്കുമെന്നും മോദി പറഞ്ഞു. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിർമ്മലാ സീതാരാമൻ, പിയൂഷ് ഗോയൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി പ്രമുഖ നേതാക്കളും വീഡിയോ കോൺഫറൻസ് വഴി നടന്ന പരിപാടിയിൽ പങ്കെടുത്തു.