kapil

ന്യൂഡൽഹി: ഗാൽവൻ താഴ്‌വര അടക്കം മുഴുവൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ചൈനയുടെ നിയന്ത്രണ രേഖ സംബന്ധിച്ച അവകാശവാദം 1959ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തള്ളിയിരുന്നതായി കോൺഗ്രസ്. ഇപ്പോഴത്തെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച വസ്‌തുത പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിടണമെന്നും കോൺഗ്രസ് വക്താവ് കപിൽ സിബൽ പറഞ്ഞു.

ഇപ്പോഴത്തേത് 1962ലെ ഇന്ത്യയല്ലെന്ന നരേന്ദ്രമോദിയുടെ ലേയിലെ പ്രസംഗത്തെ പരാമർശിച്ചാണ് കോൺഗ്രസ് വിശദീകരണം. 1959ൽ അന്നത്തെ ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രി നെഹ്റുവിന് നിയന്ത്രണ രേഖ സംബന്ധിച്ച് കത്തയച്ചിരുന്നു. ഗാൽവൻ താഴ്‌വര ചൈനയുടെ ഭാഗമാണെന്നും നിയന്ത്രണ രേഖയിൽ നിന്ന് 20കിലോമീറ്റർ പിൻവാങ്ങാമെന്നും പറഞ്ഞു. എന്നാൽ അത് നെഹ്റു അംഗീകരിച്ചില്ല. വലിയ സൈനിക സന്നാഹങ്ങൾ ഇല്ലാത്തകാലത്തും ചൈനയുടെ അധീശത്വം അംഗീകരിക്കാൻ നെഹ്റു തയ്യാറായിട്ടില്ല. അതിർത്തിയിൽചൈന കടന്നുകയറ്റം സംബന്ധിച്ച യാഥാർത്ഥ വസ്‌തുത പുറത്തുവിടുന്നതാണ് രാജധർമ്മമെന്നും കപിൽ സിബൽ പറഞ്ഞു. ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഉപഗ്രഹചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്നും അദ്ദേഹം ചോദിച്ചു.