rash

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് ചൈനാ അതിർത്തിയിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ലഡാക്ക് സന്ദർശനവും സൈനിക തലത്തിലും നയതന്ത്രതലത്തിലുമുള്ള ഇന്ത്യയുടെ നീക്കങ്ങളും കൊവിഡ് സ്ഥിതിഗതികളും ചർച്ചാ വിഷയമായി. ആഭ്യന്തര, രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്തതായി രാഷ്ട്രപതി ഭവൻ അറിയിച്ചു.

അതിർത്തി സംഘർഷം ഉടലെടുത്തശേഷം സർവ്വസൈന്യാധിപനായ രാഷ്‌ട്രപതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്. ചൈനയുടെ കൈയേറ്റവും ജൂൺ 15ലെ സംഘർഷത്തിൽ 20 സൈനികർ വീരമൃത്യുവരിച്ചതും തുടർന്നുള്ള സംഭവ വികാസങ്ങളും ധരിപ്പിച്ചു. ചൈനീസ് കമ്പനികളുമായുള്ള കരാറുകൾ റദ്ദാക്കിയതും 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചതും ശ്രദ്ധയിൽപ്പെടുത്തി.

രാഷ്‌ട്രപതി ഭവൻ ജീവനക്കാർക്ക് പോലും കൊവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ ഡൽഹിയിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് നടപ്പാക്കുന്ന നടപടികൾ അറിയിച്ചു.