har

ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയോട് അറ്റോർണി ജനറൽ പദവി ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചതായി സൂചന. കെ.കെ. വേണുഗോപാൽ പ്രായാധിക്യത്താലുള്ള ബുദ്ധിമുട്ടുകൾ കാരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നുവർഷത്തെ കാലാവധിയിൽ രണ്ടുവട്ടം നിയമിതനായ അദ്ദേഹം സർക്കാർ നിർബന്ധിച്ചതിനെ തുടർന്നാണ് പദവിയിൽ തുടരുന്നത്.

പാക് തടവിലുള്ള കുൽഭൂഷൺ യാദവിന്റെ കേസിൽ അന്താരാഷ്‌ട്ര കോടതിയിൽ അനുകൂലവിധി സമ്പാദിക്കാൻ സഹായിച്ച ഹരീഷ് സാൽവെയെ അറ്റോർണി ജനറലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞു മാറി.

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും മന്ത്രിസഭകളിൽ അംഗമായിരുന്ന പ്രമുഖ കോൺഗ്രസ് നേതാവ് പരേതനായ എൻ.കെ.പി സാൽവെയുടെ മകനാണ് ഹരീഷ് സാൽവെ.