chnd

ചാന്ദിന് കേരളത്തിൽ സൗജന്യമായി പഠിക്കാം കേരളത്തിലേക്ക് വരാൻ സന്നദ്ധനായി ചാന്ദ്

ന്യൂഡൽഹി: കുരുന്നു പ്രായത്തിൽ കുടുംബം പോറ്റാൻ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ചുമന്ന് സംസ്‌കരിക്കുന്ന ഡൽഹിയിലെ പത്താംക്ലാസുകാരൻ മുഹമ്മദ് ചാന്ദിന് ഡോക്ടറാവുക എന്ന സ്വപ്നം സഫലമാക്കാൻ കേരളത്തിന്റെ സ്വാഗതം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീൽ ആണ് ചാന്ദിന് കേരളത്തിൽ പഠനസൗകര്യം വാഗ്ദാനം ചെയ്‌തത്.

ഞായറാഴ്ച കേരളകൗമുദി പത്രത്തിന്റെ വാരാന്ത്യത്തിൽ 'മരണ തീരത്ത് ജീവിതം തേടിയ പത്താംക്ലാസുകാരൻ' എന്ന ഫീച്ചറിൽ മുഹമ്മദ് ചാന്ദിന്റെ ജീവിതപോരാട്ടത്തിന്റെ കഥ പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച മന്ത്രി ജലീൽ രാവിലെ എട്ടുമണിയോടെ ഈ

ലേഖികയെ ഫോണിൽ വിളിച്ചാണ് വാഗ്ദാനം അറിയിച്ചത്. മന്ത്രിയുടെ വാക്കുകൾ:

''കേരളകൗമുദി പത്രത്തിന്റെ വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ച മുഹമ്മദ് ചാന്ദിന്റെ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ജീവിതം വായിച്ചിട്ട് വിളിക്കുകയാണ്. പട്ടിണിക്കിടയിലും ഡോക്‌ടറാകാനുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന ചാന്ദിന് കൈത്താങ്ങാകാം. കോഴിക്കോട് ജെ.ഡി.ടിയിൽ സി.ബി.എസ്.ഇ സിലിബസിൽ തന്നെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കാം. ഒപ്പം എം.ബി.ബി.എസിന് എൻട്രൻസ് കോച്ചിംഗും നൽകാം. ലിസ്റ്റിൽ വന്നാൽ എം.ഇ.എസ് മെഡിക്കൽ കോളേജിൽ പഠനം സാദ്ധ്യമാക്കാം. താമസവും പഠനച്ചെലവും ഉൾപ്പെടെ എല്ലാം വഹിക്കാം എന്ന് ചാന്ദിനെ അറിയിക്കൂ.''

അതിരില്ലാത്ത സന്തോഷത്തോടെ ഈ ലേഖിക ചാന്ദിന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചു. അവൻ ഓഖ്‌ലയിലെ അൽഷിഫ ആശുപത്രിയിൽ അഡ്മിറ്റാണെന്നറിഞ്ഞപ്പോൾ ഒരുനിമിഷം ഉള്ളൊന്ന് ആളി.

'ചേച്ചീ ഞാൻ ആശുപത്രിയിലാ. രണ്ടു ദിവസമായി വയറുവേദനയും പനിയും.' ക്ഷീണിച്ച സ്വരത്തിൽ ചാന്ദിന്റെ മറുപടി. എങ്കിലും കുഴപ്പമൊന്നും ഇല്ല,​ ഉടൻ ആശുപത്രിവിടാം എന്ന് അവൻ പറഞ്ഞപ്പോഴാണ് ആശ്വാസമായത്.

കേരളം ചാന്ദിന്റെ സ്വപ്നങ്ങളുടെ ചിറകിന് കരുത്ത് പകരാമെന്ന് ഒറ്റശ്വാസത്തിൽ അറിയിച്ചു. മന്ത്രിയുടെ വാഗ്ദാനം അറിയിച്ചപ്പോൾ അവനും സന്തോഷം. ' ഞാൻ തയ്യാറാണ്. എപ്പോഴാണ് പോകേണ്ടത്?​ - ചാന്ദിന്റെ മറുപടി. കൊവിഡൊന്ന് അടങ്ങിയാൽ ഉടൻ നമുക്ക് പറക്കാം...

കേരളത്തിന്റെ വാഗ്ദാനത്തിൽ ചാന്ദിനും കുടുംബത്തിനും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ദൈവത്തെ സാക്ഷി നിർത്തി ചാന്ദ് എല്ലാവർക്കും നന്ദിയും പറഞ്ഞു.

അതിനിടെ വാരാന്ത്യ കൗമുദിയിലെ ഫീച്ചറിന്റെ കട്ടിംഗ് സഹിതം,​ ചാന്ദിന് സഹായം അഭ്യർത്ഥിച്ച് മന്ത്രി.കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നു. അതോടെ നിരവധി പേരാണ് ധനസഹായം വാഗ്ദാനം ചെയ്‌തത്.

രോഗികളായ മാതാപിതാക്കൾ അടക്കം അഞ്ച് അംഗ കുടുംബത്തിന്റെ പട്ടിണിമാറ്റാനാണ് ചാന്ദ്​ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന ജോലി സ്വീകരിച്ചത്. വാരാന്ത്യ കൗമുദി വായിച്ച നിരവധി സുമനസുകൾ ചാന്ദിനെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.