larg

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡൽഹിയിൽ ആരംഭിച്ചു. 29 ഏക്കറിൽ ( 22 ഫു‌ട്ബാൾ മൈതാനങ്ങളുടെ വലിപ്പം ) ഒരുക്കിയ 10,000 കിടക്കകളുള്ള സർദാർ പട്ടേൽ കൊവിഡ് കെയർ കേന്ദ്രം ഡൽഹി ലെഫ്‌റ്റ്നന്റ് ഗവർണർ അനിൽ ബൈജാൽ ഉദ്ഘാടനം ചെയ്‌തു.

ഛത്തർപൂരിൽ ആദ്ധ്യാത്മിക പ്രസ്ഥാനമായ രാധാ സ്വാമി സത്‌സംഗിന്റെ സ്ഥലത്താണ് കേന്ദ്രം. 50 കിടക്കകൾ വീതമുള്ള 200 വാർഡുകളുണ്ട്. നേരിയ അസുഖക്കാർക്ക് മുതൽ ഓക്‌സിജനും തീവ്രപരിചരണവും വേണ്ട രോഗികൾക്ക് വരെ ചികിത്സയ്‌ക്ക് സൗകര്യമുണ്ട്. രോഗികളുടെ പ്രവേശനം,​ ചികിത്സ, പരിചരണം, ഡിസ്‌ചാർജ് തുടങ്ങി എല്ലാം ഓൺലൈൻ വഴി നിയന്ത്രിക്കുന്ന ഇ-ഹോസ്‌പിറ്റൽ സംവിധാനമാണ്.

രോഗികൾക്ക് നാലു നേരം ഭക്ഷണം നൽകും. മാനസികോല്ലാസത്തിനായി ലൈബ്രറിയും ബോർഡ് ഗെയിംസും മാനസിക പിരിമുറുക്കം കുറയ്‌ക്കാൻ കൗൺസിലിംഗും ഉണ്ട്. കാർഡ്ബോർഡ് കിടക്കൾ ഉപയോഗശേഷം ഉപേക്ഷിക്കാം. അഞ്ച്മീറ്റർ അകലത്തിലുള്ള ഓരോ ബെഡിനൊപ്പവും ഇരിപ്പിടവും മാലിന്യമിടാനുള്ള പാത്രവും ഉണ്ടാകും. 9000കിടക്കകൾ നേരിയ രോഗമുള്ളവർക്കും ബാക്കി ഗുരുതരാവസ്ഥയിലുള്ളവർക്കുമാണ്. കട്ടിൽ, മെത്ത, പുതപ്പ് തുടങ്ങിയവ സന്നദ്ധ സംഘടനകൾ സംഭാവന നൽകി. 2000 കിടക്കകൾ ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിനാണ്. 170 ഡോക്‌ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കം 700 മെഡിക്കൽ സ്റ്റാഫ് ഉണ്ടാകും.

1000 കിടക്കകളുള്ള കൊവിഡ് കേന്ദ്രവും

പ്രതിരോധ ഗവേഷണ സംഘടന ഡൽഹി വിമാനത്താവളത്തിന് സമീപം പ്രതിരോധ വകുപ്പിന്റെ സ്ഥലത്ത് 1000 കിടക്കകളുള്ള കൊവിഡ് കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്. സേനയുടെ ആരോഗ്യവിഭാഗത്തിനാണ് കേന്ദ്രത്തിന്റെ ചുമതല. സാധാരണക്കാർക്ക് ചികിത്സ ലഭിക്കും. വെന്റിലേറ്ററുകളോട് കൂടിയ 250 ഐ.സി.യു കിടക്കകളുള്ള കേന്ദ്രം 12 ദിവസങ്ങൾ കൊണ്ടാണ് തയ്യാറാക്കിയത്. ഫാർമസി, ലാബ് സൗകര്യങ്ങളുമുണ്ട്.