mah

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട് ഡൽഹി മണ്ഡോളി ജയിലിൽ തടവ് അനുഭവിക്കുന്ന മുൻ എം.എൽ.എ കൊവിഡ് ബാധിച്ച് മരിച്ചു. പാലം മണ്ഡലത്തെ പ്രതിനിധീകരിച്ച മഹേന്ദ്രയാദവ് ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് മരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്ന മണ്ഡോളി ജയിലിലെ രണ്ടാമത്തെ തടവുകാരനാണ് ഇയാൾ.

യാദവിനെ പാർപ്പിച്ചിരുന്ന ജയിൽ നമ്പർ 14ൽ ജൂൺ 15ന് മറ്റൊരു തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ആദ്യ ഫലം നെഗറ്റീവായെങ്കിലും ജൂൺ 26ന് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു.ഇതിനിടെ യാദവിന്റെ ഇടക്കാല ജാമ്യ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

1984 ൽ പാലം കോളനിയിലെ രാജ്‌നഗർ പാർട്ട് വൺ പ്രദേശത്ത് അഞ്ചുസിഖുകാരെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിനൊപ്പം പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട യാദവ് 2018 ഡിസംബറിലാണ് കീഴടങ്ങിയത്. ഡൽഹിയിൽ ഇതുവരെ 53 തടവുകാർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 88 ജയിൽ ജീവനക്കാർക്കും രോഗബാധ കണ്ടെത്തി.