ന്യൂഡൽഹി: കൊവിഡ് ചെറുക്കാനുള്ള ഇന്ത്യൻ വാക്‌സിൻ ചുരുങ്ങിയ സമയത്തിനുള്ളിൽ വികസിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ വകുപ്പുകൾക്കുള്ളിലും ആശയക്കുഴപ്പമെന്ന് സൂചന. വാക്‌സിൻ തയ്യാറാവാൻ ഒരു കൊല്ലമെടുക്കുമെന്ന് ഇന്നലെ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് പത്രക്കുറിപ്പിറക്കിയിരുന്നു. വിവാദമായതോടെ പത്രക്കുറിപ്പ് പിൻവലിച്ചു.
ഇന്ത്യൻ വാക‌്‌സിൻ ഗവേഷണം സംബന്ധിച്ച് ഡോ. ടി. വി. വെങ്കിടേശ്വരൻ നൽകിയ വിവരങ്ങൾക്കൊപ്പമാണ് പൊതു ഉപയോഗത്തിനുള്ള വാക‌്‌സിൻ 2021ന് മുൻപ് തയ്യാറാകില്ലെന്ന് പറഞ്ഞത്.ലോകത്ത് നടക്കുന്ന 140 കൊവിഡ് വാക്‌സിൻ ഗവേഷണങ്ങളിൽ കൊവാക്‌സിൻ, സൈക്കോവ്-ഡി എന്നിവയടക്കം 11എണ്ണം മനുഷ്യരിലുള്ള പരീക്ഷണഘട്ടത്തിലാണെന്നും 2021ന് മുൻപ് പൊതുഉപയോഗത്തിന് ലഭ്യമാകാനിടയില്ലെന്നുമാണ് വെങ്കിടേശ്വരൻ വിശദീകരിച്ചത് എന്നാൽ, ഉടനെ പത്രക്കുറിപ്പ് പിൻവലിച്ച് 2021 പരാമർശിക്കുന്ന ഭാഗം നീക്കം ചെയ്‌ത ശേഷം വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.
മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള അനുമതി ലഭിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്കിനോട് സ്വാതന്ത്ര്യ ദിനത്തിന് മുൻപ് വാക്‌സിൻ തയ്യാറാക്കണമെന്ന് ഐ.സി.എം.ആർ നിർദ്ദേശിച്ചത് വിവാദമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് വാക്‌സിൻ തയ്യാറാകില്ലെന്ന വാദവുമായി ആരോഗ്യരംഗത്തെ വിദഗ്‌ദ്ധർ രംഗത്തെത്തിയിരുന്നു. നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് ഐ.സി.എം.ആർ വിശദീകരണം നൽകി. സുരക്ഷിത നടപടിക്രമങ്ങൾ പാലിച്ച് അടുത്ത മാസത്തോടെ വാക‌്സിൻ തയ്യാറാക്കുക ബുദ്ധിമുട്ടാണെന്നാണ് പൊതു വിലയിരുത്തൽ.