kov

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതായി. ആകെ കേസുകൾ 6.90 ലക്ഷം പിന്നിട്ടു. മരണം ഇരുപതിനായിരത്തോട് അടുത്തു. റഷ്യയിലെ കേസുകൾ 6.81 ലക്ഷം കടന്നു. അമേരിക്കയും ബ്രസീലുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇതാദ്യമായി 24000 കടന്നു. 24 മണിക്കൂറിനിടെ 24850 പുതിയ രോഗികളാണ് ഇന്ത്യയിലുണ്ടായത്. 613 മരണവും റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം മരണങ്ങളും ഇതാദ്യമാണ്. ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 64 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. പോസിറ്റിവിറ്റി നിരക്കിൽ മഹാരാഷ്ട്രയെയും ഡൽഹിയെയും മറികടന്ന് തെലങ്കാന മുന്നിലെത്തി. 20.18 ശതമാനം. മഹാരാഷ്ട്ര-18.44 ശതമാനം, ഡൽഹി-15.67 ശതമാനം.

നാലുലക്ഷം കടന്ന് രോഗമുക്തി

രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം നാലുലക്ഷം കടന്നു. ഇതുവരെ 4,09,082 പേർക്കാണ് രോഗംഭേദമായത്. രോഗമുക്തി നിരക്ക് 60.77 ശതമാനം. 24 മണിക്കൂറിനിടെ 14856 പേർക്ക് രോഗംഭേദമായി.