army

സംഘർഷം അയയുന്നു

ചൈന ടെന്റുകളും താൽക്കാലിക നിർമ്മിതികളും പൊളിച്ചു

ന്യൂഡൽഹി: കമാൻഡർ തലത്തിലെ ധാരണപ്രകാരം ചൈനീസ് സേന അതിർത്തിയിലെ ഗാൽവൻ, ഹോട്ട്‌ സ്‌പ്രിംഗ് മേഖലകളിൽ നിന്ന് ഒരു കിലോമീറ്റർ പിൻമാറി. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും തമ്മിൽ ഞായറാഴ്ച നടത്തിയ ടെലിഫോൺ ചർച്ചയും ഇക്കാര്യത്തിൽ നിർണായകമായി.

ജൂൺ 15ന് ഏറ്റുമുട്ടലുണ്ടായ ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ് 14ൽ നിന്ന് ഇന്നലെ ടെന്റുകളും താത്ക്കാലിക നിർമ്മിതികളും പൊളിച്ചതായും സൈന്യവും വാഹനങ്ങളും പിന്നോട്ട് നീങ്ങിയതായും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലി ജിയാൻ അറിയിച്ചു. പി.പി 15, പി.പി 17എൽ (ഹോട്ട്‌സ്‌പ്രിംഗ്‌- ഗോഗ്ര) മേഖലകളിലും പിൻവാങ്ങിയതായി സൂചനയുണ്ട്. ഇത് ഉറപ്പാക്കിയ ശേഷം ഇന്ത്യൻ സൈന്യവും ആനുപാതികമായി പിൻമാറും.

ഡോവൽ-വാംഗ് യി ചർച്ച

അതിർത്തിയിൽ സമാധാനം പുലരണമെന്നും ഭിന്നതകൾ തർക്കങ്ങളായി മാറരുതെന്നും ഇരുവരും സമ്മതിച്ചതായി ഇന്ത്യൻ വിദേശമന്ത്രാലയം അറിയിച്ചു. സമാധാനം ഉറപ്പാക്കാൻ സൈന്യങ്ങളെ ഘട്ടം ഘട്ടമായി പിൻവലിക്കണം. യഥാർത്ഥ നിയന്ത്രണ രേഖയെ ബഹുമാനിക്കണം. ഏകപക്ഷീയമായി കടന്നുകയറി തൽസ്ഥിതി ലംഘിക്കുന്നത് ഒഴിവാക്കാനും തർക്കങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കാനും ധാരണയായി. വരും ദിവസങ്ങളിലും ചർച്ച തുടരും. സൈനിക തലത്തിലും കൂടിക്കാഴ്‌ചകളുണ്ടാകും.

പ്രത്യേക പ്രതിനിധികളുടെ പ്രതിവാര ചർച്ചകളുടെ ഭാഗമായാണ് ഡോവലും വാംഗ്‌ യിയും സംസാരിച്ചത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന് തുല്യമായ സ്‌‌റ്റേറ്റ് കൗൺസിലർ പദവിയും വിദേശകാര്യ മന്ത്രിയായ വാംഗ്‌യിയാണ് വഹിക്കുന്നത്. ചൈനയിൽ വിദേശകാര്യ മന്ത്രിയെക്കാൾ അധികാരമുണ്ട് സ്‌‌റ്റേറ്റ് കൗൺസിലർക്ക്.

പിൻമാറ്റ ധാരണ:

നിയന്ത്രണരേഖയുടെ 2-3 കിലോമീറ്റർ പരിധിയിൽ സൈന്യത്തെ പിൻവലിക്കണം.

 പിൻമാറിയ മേഖല 'ബഫർ സോൺ' ആക്കും. 72 മണിക്കൂർ പരസ്‌പരം നിരീക്ഷിച്ച് പ്രകോപനമില്ലെന്ന് ഉറപ്പുവരുത്തും.

 പിൻമാറ്റം നടന്നോ എന്ന് ഡ്രോണുകളും പട്രോളിംഗ് സംഘവും പരിശോധിക്കും.

 പത്തുദിവസത്തിനുള്ളിൽ പരമാവധി സൈന്യത്തെ പിൻവലിക്കും

 ആദ്യം കടന്നുകയറിയ ചൈന ആദ്യം പിൻവാങ്ങും.

കാലുമാറുന്ന ചൈന

പിൻവാങ്ങുമെന്ന തോന്നലുണ്ടാക്കിയ ശേഷം വീണ്ടും കടന്നുകയറുന്ന ചൈനയുടെ പതിവാണ് ജൂൺ 15ന് ഏറ്റുമുട്ടലുണ്ടാക്കിയത്. ഈ പരിപാടി തടയാൻ ഇന്ത്യയാണ് പരസ്‌പര നിരീക്ഷണം നിർദ്ദേശിച്ചത്.പാംഗോഗ് തടാകം, ഡെപസാംഗ് മേഖലകളിൽ നിന്ന് ചൈനീസ് സേനയെ ഘട്ടംഘട്ടമായി പിൻവലിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

പിൻമാറ്റത്തിന് പിന്നിലെ

മറ്റു കാരണങ്ങൾ

അതിർത്തിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ടിബറ്റൻ ആത്മ‌ീയ നേതാവ് ദലൈലാമയുടെ 85-ാം ജൻമദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് കൂടുതൽ പ്രകോപനങ്ങൾ ചൈന പ്രതീക്ഷിച്ചു. കാലാവസ്ഥ മോശമാകുന്നതും ഗാൽവൻ നദി കരകവിഞ്ഞ് ഒഴുകുന്നതും ചൈനീസ് പട്ടാളത്തിന് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ശൈത്യകാലമായാൽ സേനയ്‌ക്ക് ഇവിടെ തുടരാനാവില്ല.