kafeel

ന്യൂഡൽഹി :പൗരത്വനിയമത്തിനെതിരായ സമരത്തിൽ അറസ്റ്റിലായി മഥുര ജയിലിൽ കഴിയുന്ന ഡോ.കഫീൽ ഖാൻ ജയിലിൽ ദുരന്തമനുഭവിക്കുകയാണെന്ന് റിപ്പോർട്ട്. ജയിലിലെ ശോചനീയാവസ്ഥയെക്കുറിച്ച് കഫീൽ സഹോദരന് എഴുതിയ നാല് പേജുള്ള കത്തിൽ വിവരിച്ചിട്ടുണ്ട്.

'150ഓളം പേർക്ക് ഒരു അറ്റാച്ച്ഡ് ടോയ്‌ലറ്റ് ആണുള്ളത്. മൂത്രത്തിന്റെയും വിയർപ്പിന്റെയും നാറ്റമാണ് വാർഡിൽ. കറണ്ട് ഇല്ലാത്തതിനാൽ ചൂടു കൂടിയാവുമ്പോൾ ഇവിടം നരകമാവും. സമയം കളയാൻ ഞാൻ കുറച്ചൊക്കെ വായിക്കാൻ ശ്രമിച്ചു. എന്നാൽ ശ്വാസം മുട്ടൽ കൊണ്ട് അതിനു കഴിഞ്ഞില്ല. ചിലപ്പോൾ തോന്നും ബോധംകെട്ടു വീഴുമെന്ന്. പല തരത്തിലുള്ള നാറ്റങ്ങൾ നിറഞ്ഞ മീൻ ചന്ത പോലെയാണ് ഇവിടം. ആളുകൾ ചുമയ്ക്കുന്നു, തുമ്മുന്നു, മൂത്രമൊഴിക്കുന്നു, വിയർക്കുന്നു. ചിലർ കൂർക്കം വലിക്കുന്നു, ചിലർ തല്ലു കൂടുന്നു. എന്തിനാണ് തന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്. എപ്പോഴാണ് കുട്ടികളെ കാണാനാവുക? എപ്പോഴാണ് ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാനാവുക? ഈ കൊവിഡ് കാലത്ത് ഒരു ഡോക്ടർ എന്ന നിലയിൽ എപ്പോഴാണ് എനിക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാവുക? ' കത്തിൽ കഫീൽ കുറിച്ചു.

അതേസമയം കത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ജയിൽ അധികൃതർ രംഗത്തുവന്നു. ഇങ്ങനെയൊരു കത്ത് എഴുതിയതായി കഫീൽ പറഞ്ഞിട്ടില്ല. പുറത്തേക്കുള്ള കത്തിടപാടുകളെല്ലാം ഞങ്ങൾ പരിശോധിച്ചു. അതിൽ ഇങ്ങനെയൊരു കത്തില്ല. ലോക്ക്ഡൗണിനു ശേഷം ആരെയും ജയിലിലേക്കു സന്ദർശകരായി കടത്തിവിട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ കത്ത് പുറത്തുപോയത്? ജയിൽ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രി ചോദിച്ചു. ജൂൺ 15ന് എഴുതിയ കത്ത് തപാൽ മാർഗം ജൂലൈ ഒന്നിനാണ് ലഭിച്ചതെന്ന് കഫീൽ ഖാന്റെ സഹോദരൻ അദീൽ അഹമ്മദ് ഖാൻ പറഞ്ഞു.

ഉത്തർപ്രദേശിലെ ഗൊരഖ്പുർ സർക്കാർ മെഡിക്കൽ കോളജിൽ ഓക്‌സിജൻ ലഭ്യമല്ലാത്തിനെ തുടർന്ന് മരണമടഞ്ഞ കുട്ടികളുടെ ദുരന്തകഥ ലോകത്തെ അറിയിച്ചതിനെത്തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതോടെയാണ് കഫീൽ വാർത്തകളിൽ നിറഞ്ഞത്.