ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ ഏഴുലക്ഷവും മരണം ഇരുപതിനായിരവും കടന്നു.
24 മണിക്കൂറിനിടെ 24248 പുതിയ രോഗികളും 425 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ രണ്ടാം ദിനമാണ് 24 മണിക്കൂറിനുള്ളിൽ രോഗികളുടെ എണ്ണം 24000 കടക്കുന്നത്. ജൂലായ് ഒന്നു മുതൽ അഞ്ചുവരെ മാത്രം രാജ്യത്ത് ഒരു ലക്ഷത്തിന് മുകളിൽ പുതിയ രോഗികളുണ്ടായി.2292 മരണവും റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ ആകെ കേസുകൾ ഒരു ലക്ഷം കടന്നു. രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഡൽഹി. മഹാരാഷ്ട്ര രണ്ടു ലക്ഷവും തമിഴ്നാട് ഒരു ലക്ഷവും കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. അതേസമയം കേസുകൾ ലക്ഷം കടന്നെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 75000ത്തോളം പേർ രോഗമുക്തരായെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജനാർദ്ദൻ പൂജാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. 83കാരനായ പൂജാരിയുടെ കുടുംബാംഗത്തിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവും കുനിഗൽ എം.എൽ.എ.യുമായ രംഗനാഥിനും കൊവിഡ് സ്ഥിരീകരിച്ചു.
ഒരു കോടി കടന്ന് പരിശോധന
രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു കോടി കടന്നതായി ഐ.സി.എം.ആർ അറിയിച്ചു. 24 മണിക്കൂറിനിടെ 3.46 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1,01,35,525സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.7 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ മരണം 9000 കടന്നു
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 9000 കടന്നു. ഇന്നലെ 204 പേർകൂടി മരിച്ചു.ആകെ മരണം 9026 ആയി ഉയർന്നു. 5368 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 211987. 279 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസിലെ ആകെ കൊവിഡ് കേസുകൾ 5454 ആയി. 70 പൊലീസുകാർ ഇതുവരെ മരിച്ചു.