
ന്യൂഡൽഹി: ദേശീയപാതകളുടെ ഗുണമേന്മ നിശ്‌ചയിച്ച് റാങ്ക് നൽകാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.
ഇന്ത്യൻ സാഹചര്യവും അന്താരാഷ്ട്ര മാതൃകകളും മാനദണ്ഡമാക്കിയാണ് ദേശീയ പാതകളുടെ ഗുണനിലവാരം നിർണയിക്കുക. ദേശീയപാതകളുടെ ഗുണമേന്മയും പരിപാലനവും ഉറപ്പാക്കാൻ റാങ്കിംഗ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഹൈവേ കാര്യക്ഷമത (45%), ഹൈവേ സുരക്ഷ (35%) , ഗുണഭോക്തൃ സേവനം (20%) എന്നീ വിഭാഗങ്ങളിൽ മൂല്യനിർണയം നടത്തിയാണ് റാങ്ക് നിശ്‌ചയിക്കുക. വേഗത, ടോൾ പ്ലാസകൾ കടക്കാനെടുക്കുന്ന സമയം, റോഡ് ചിഹ്നങ്ങൾ, അപകടനിരക്ക്, ക്രാഷ് ബാരിയറുകൾ, പ്രകാശ വിന്യാസം, അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ സാദ്ധ്യത, ശുചിത്വം, ഉപഭോക്തൃ സംതൃപ്തി തുടങ്ങിവയും പരിഗണിക്കും. ഓരോ ഇടനാഴിക്കും ബി.ഒ.ടി തുടങ്ങിയ മാതൃകയിലുള്ള പദ്ധതികൾക്കും പ്രത്യേക റാങ്കിംഗ് പട്ടികയുണ്ടാകും.
ദേശീയ പാതാഅതോറിറ്റിയുടെ മറ്റു പ്രോജക്ടുകളുമായി ബന്ധപ്പെട്ട രൂപകൽപ്പന, നിലവാരം, മാർഗനിർദേശങ്ങൾ, പ്രവർത്തനങ്ങൾ, കരാർ എന്നിവ മെച്ചപ്പെടുത്താനും പോരായ്‌മകൾ പരിഹരിക്കാനും റാങ്കിംഗ് സഹായിക്കും.
ഓരോ ഇടനാഴിയുടെയും റാങ്ക് പ്രത്യേകമായി നിർണയിക്കുതിനാൽ നടത്തിപ്പുകാർക്കും കരാറുകാർക്കും സേവനം മെച്ചപ്പെടുത്താൻ അവസരം ലഭിക്കുമെന്നും ഉപരിതല മന്ത്രാലയം അറിയിച്ചു.