dr

ന്യൂഡൽഹി: പാക്,​ ചൈന അതിർത്തികളിലെ ഭീഷണി കണക്കിലെടുത്ത് നിരീക്ഷണത്തിനും ശത്രു ലക്ഷ്യങ്ങളെ ആക്രമിക്കാനും ശേഷിയുള്ള മീഡിയം ആൾട്ടിട്യൂഡ് മെയിൽ പ്രിഡേറ്റർ ബി ഡ്രോണുകൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങും.

ലഡാക് അതിർത്തിയിൽ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഇസ്രേലി ഹെറോൺ ഡ്രോണുകൾക്ക് പ്രഹര ശേഷിയില്ല. എന്നാൽ മെയിൽ പ്രിഡിേറ്റർ ബി ഡ്രോണുകൾക്ക് മിസൈലുകൾ തൊടുക്കാനും ലേസർ നിയന്ത്രിത ബോംബുകൾ വർഷിക്കാനും കഴിയും. ചൈനയുടെ വിംഗ്‌ലൂങ്-2 ഡ്രോണുകൾക്കും ആക്രമിക്കാൻ കഴിവുണ്ട്. അവർ ഇത്തരം രണ്ട് ഡ്രോൺ സിസ്‌റ്റം (രണ്ട് ഡ്രോണുകളും ഒരു കൺട്രോളിംഗ് സ്‌‌‌‌റ്റേഷനും അടങ്ങിയതാണ് ഒരു സിസ്‌റ്റം) പാകിസ്ഥാന് ഉടൻ കൈമാറും. ചൈനയുടെ സഹായത്തോടെ ഇതേ സാങ്കേതിക വിദ്യയിൽ ജി.ജെ-2 വിഭാഗത്തിലുള്ള 49 ഡ്രോണുകൾ പാകിസ്ഥാനിൽ നിർമ്മിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഈ ഭീഷണി കണ്ടാണ് ഇന്ത്യ പ്രിഡേറ്ററുകൾ വാങ്ങുന്നത്. ആയുധങ്ങളില്ലാത്ത 30 സീ ഗാർഡിയൻ ഡ്രോണുകൾ അമേരിക്കയിൽ നിന്ന് വാങ്ങാനുള്ള 400 കോടി ഡോളറിന്റെ കരാർ നിലവിലുണ്ട്. അതിനു പകരം ആയുധങ്ങൾ ഘടിപ്പിച്ചവ മതിയെന്നാണ് സേനയുടെ ആവശ്യം.

രണ്ട് മിസൈലുകളും 500 പൗണ്ട് ഭാരമുള്ള രണ്ട് ബോംബുകളും വഹിക്കാൻ ശേഷിയുള്ള പ്രിഡേറ്റർ ബി വിഭാഗത്തിൽപ്പെട്ട എം.ക്യൂ 9 റീപ്പർ ഡ്രോണുകൾ ഇറാൻ, അഫ്‌ഗാനിസ്ഥാൻ, സിറിയൻ ആഭ്യന്തര യുദ്ധങ്ങളിൽ ശത്രു നീക്കങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും ഉപയോഗിച്ചിരുന്നു.

അതേസമയം ഇന്ത്യയ്‌ക്ക് കൈമാറിയാൽ പ്രിഡേറ്റർ ബിയുടെ സാങ്കേതിക വിദ്യ റഷ്യ ചോർത്തുമോ എന്ന സംശയം അമേരിക്കയ്‌ക്കുണ്ട്. ഇന്ത്യ-റഷ്യ പ്രതിരോധ സാങ്കേതികവിദ്യ കൈമാറ്റക്കരാറിനെ അമേരിക്ക സംശയദൃഷ്‌ടിയോടെയാണ് കാണുന്നത്. ആയുധം വഹിക്കുന്ന ഡ്രോണുകൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വികസിപ്പിക്കുന്നുണ്ട്. മുമ്പ് വികസിപ്പിച്ച ഡ്രോണുകൾ ലഡാക്കിലെ ശക്തമായ കാറ്റ് അതിജീവിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.