ന്യൂഡൽഹി: അന്തരീക്ഷത്തിലൂടെയും കൊവിഡ് പടരാൻ സാദ്ധ്യതയുണ്ടെന്ന് പുതിയ നിരീക്ഷണം. വായുവിലെ സൂക്ഷ്‌മ കണങ്ങളിൽ പറ്റിപ്പിടിക്കുന്ന രോഗാണു തിരക്കുള്ള സ്ഥലങ്ങളിൽ രോഗവ്യാപനത്തിന് കാരണമാകുമെന്നും അതിനാൽ പ്രതിരോധ നടപടികളിൽ മാറ്റം വരുത്തണമെന്നും 32 രാജ്യങ്ങളിൽ നിന്നുള്ള 239 ഡോക്‌ടർമാർ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.
രോഗികൾ തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുമ്പോൾ പുറത്തു വരുന്ന സ്രവങ്ങൾക്കൊപ്പം പുറത്തുവരുന്ന കൊവിഡ് വൈറസ് അന്തരീക്ഷത്തിൽ ഏറെ നേരം നിലനിൽക്കില്ലെന്നും അവ വീഴുന്ന പ്രതലങ്ങളിൽ തൊട്ടാൽ രോഗവ്യാപനം നടക്കുമെന്നുമാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ ലോകത്ത് പലയിടത്തും ആളുകൾ കൂടുന്ന റസ്‌റ്റോറന്റുകൾ, ബാറുകൾ, മാർക്കറ്റുകൾ, വായു സഞ്ചാരം കുറഞ്ഞ മുറികൾ എന്നിവിടങ്ങളിൽ അന്തരീക്ഷത്തിലൂടെ ഏറെപ്പേർ വൈറസ് ബാധയ്‌ക്ക് ഇരയാകുന്നുവെന്നാണ് പുതിയ നിരീക്ഷണം. വായുവിലെ സൂക്ഷ്‌മ കണങ്ങളായ എയ്‌റോസോൾ വഴിയാണ് ഇവ പടരുന്നതെന്നും പറയുന്നു. അതിനാൽ പാെതു സ്ഥലങ്ങളിലും വായു സഞ്ചാരമില്ലാത്ത മുറികളിലും മാസ്‌ക് ധരിച്ചും സമൂഹ അകലം ഉറപ്പാക്കിയും രോഗ വ്യാപനം തടയാമെന്ന് വിദഗ്ദ്ധർ പറയുന്നു.