army

ന്യൂഡൽഹി: സൈനിക-നയതന്ത്ര തല ചർച്ചകളിലുണ്ടായ ധാരണകൾ പ്രകാരം അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിന്ന് ഒന്നര കിലോമീറ്റർ വീതം ചൈനയുടെയും ഇന്ത്യയുടെയും സൈന്യങ്ങളുടെ പിൻമാറ്റം തുടരുന്നു. ചൈന പിൻമാറിയെന്ന് അവകാശപ്പെട്ട ഗാൽവൻ താഴ്‌‌വരയിലടക്കം ഇന്ത്യ പട്രോളിംഗ് തുടങ്ങി.

തിങ്കളാഴ്‌ച ഗാൽവനിൽ ആരംഭിച്ച ആദ്യഘട്ട സൈനിക പിൻമാറ്റം ഇന്നലെ ഹോട്ട്‌സ്‌‌പ്രീംഗ് മേഖലയിൽ പൂർത്തിയായെന്ന് കരസേന അറിയിച്ചു. ഗോഗ്ര ഭാഗത്ത് നിന്ന് ഇരു സൈന്യവും അടുത്ത ദിവസങ്ങളിൽ പിൻമാറും. ആദ്യഘട്ട പിൻമാറ്റം പൂർത്തിയായ ശേഷം സൈനികതലത്തിൽ ചർച്ച നടത്തും.

തിങ്കളാഴ്‌ച ചൈനീസ് സൈന്യം ഗാൽവൻ താഴ്‌വരയിൽ നിന്ന് പിൻമാറാൻ തുടങ്ങിയതോടെയാണ് നടപടികൾ തുടങ്ങിയത്. പട്രോളിംഗ് പോയിന്റ് 14ൽ ഗാൽവൻ നദിക്കരയിൽ നിന്ന് ടെന്റുകളും മറ്റു നിർമ്മിതികളും നീക്കം ചെയ്‌തുവെന്ന് ചൈന അറിയിച്ചിരുന്നു. അവർ പിൻവാങ്ങിയോ എന്ന് പരിശോധിക്കാൻ ഇന്നലെ മുതൽ ഇന്ത്യ പട്രോളിംഗ് തുടങ്ങിയിട്ടുണ്ട്. ‌നിയന്ത്രണ രേഖയ്‌ക്ക് ഇപ്പുറത്ത് ഇന്ത്യൻ സേന പിൻവാങ്ങിയോ എന്നറിയാൻ ചൈനയും പരിശോധന നടത്തും. നിയന്ത്രണ രേഖയിൽ നിന്ന് ഇരുവശത്തും ഒന്നര കിലോമീറ്റർ വീതം പിൻവാങ്ങി 'ബഫർ സോൺ' ആക്കി മാറ്റി 72മണിക്കൂർ നിരീക്ഷിക്കാനാണ് ധാരണ. ജൂലായ് ഒന്നിന് കമാൻഡർ തലത്തിലുണ്ടാക്കിയ പിൻമാറ്റ ധാരണയ്‌ക്ക് വേഗം വച്ചത് കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ- ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ചർച്ചയോടെയാണ്.

 യുദ്ധവിമാനങ്ങളുടെ മുരളൽ,

ലഡാക്കിന് ഉറക്കമില്ലാരാത്രികൾ

സൈനിക പിൻമാറ്റം തുടങ്ങിയെങ്കിലും കിഴക്കൻ ലഡാക്കിൽ ഒരു പരീക്ഷണത്തിനും തയ്യാറാകാതെ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും അതിർത്തിയിൽ രാത്രി നിരീക്ഷണം ശക്തമാക്കി. മിഗ് 29, സുഖോയ് 30 യുദ്ധവിമാനങ്ങൾക്കും അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്‌ടറുകൾക്കും രാപകൽ ഭേദമില്ലാത്ത അദ്ധ്വാനമാണിവിടെ.

താഴ്‌വരകളിൽ രാത്രിയിലെ ശീതക്കാറ്റ് നിരീക്ഷണത്തിന് പലപ്പോഴും വെല്ലുവിളിയാണ്. കാറ്റിന് ഉശിരേറുമ്പോൾ തിരിച്ചിറങ്ങുന്ന വിമാനങ്ങൾ രംഗം ശാന്തമായാൽ വീണ്ടും ഉയരും. രാത്രികളിൽ ശീതക്കാറ്റിനൊപ്പം യുദ്ധവിമാനങ്ങളുടെ ഇടിമുഴക്കം പോലുള്ള ഇരമ്പലുകളും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രികാല നിരീക്ഷണത്തിന് തന്ത്രപരമായ പ്രാധാന്യമുണ്ടെന്നാണ് വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌ടൻ എ.രാത്തിയുടെ അഭിപ്രായം. ഏതു പരിതസ്ഥിതിയും വഴങ്ങുമെന്നതിന് വടക്കൻ ലഡാക്കിലെ ഓപ്പറേഷൻ തെളിവാണെന്നും അദ്ദേഹം വിശദീകരിച്ചു.

വടക്കൻ മേഖലയിലെ വിവിധ വ്യോമത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന മിറാഷ് 2000, ജാഗ്വാർ വിമാനങ്ങളും ലഡാക്ക് മുതൽ അരുണാചൽ വരെയുള്ള അതിർത്തി മേഖലകളിലെ നിരീക്ഷണപ്പറക്കലിൽ പങ്കുചേരുന്നു. യുദ്ധവിമാനങ്ങൾക്കായി ഈ മേഖലയിലെ ആകാശപ്പാത ഒഴിച്ചിട്ടിരിക്കുകയാണ്.