ന്യൂഡൽഹി: കൊവിഡ് മഹാമാരിമൂലം അദ്ധ്യായന ദിനങ്ങൾ നഷ്ടമാകുന്നതിനാൽ സി.ബി.എസ്.ഇ 30 ശതമാനം സിലബസ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു. 2020 - 21 അദ്ധ്യായന വർഷത്തെ ഒമ്പതാം ക്ലാസ് മുതൽ 12 വരെയുള്ള സിലബസാണ് വെട്ടിക്കുറയ്ക്കുന്നത്. മറ്റു ക്ലാസുകളിലെ സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഇന്റേണൽ അസസ്മെന്റ്, അവസാന പരീക്ഷ എന്നിവയ്‌ക്ക് പ്രശ്നമുണ്ടാകാത്ത തരത്തിലാകും പാഠഭാഗങ്ങളിൽ മാറ്രം വരുത്തുക. പഠിക്കാൻ നൽകുന്ന ഭാഗങ്ങൾ, എടുത്തുമാറ്റുന്ന പാഠഭാഗങ്ങളിലെ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കാൻ പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം നൽകണമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ കാരണം ക്ലാസുകൾ കുറേയെറെ നഷ്ടപ്പെട്ടതോടെ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ ആശങ്ക പരിഗണിച്ച് രാജ്യത്തെ 1500 വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പൊതു അഭിപ്രായം കേന്ദ്രം ആരാഞ്ഞിരുന്നു. അതിനുശേഷമാണ് തീരുമാനമുണ്ടായത്.