rg

ന്യൂഡൽഹി: അതിർത്തി സംഘർഷം കുറയ്‌ക്കാനുള്ള സൈനിക പിൻമാറ്റത്തിന് ചൈനയുമായി ധാരണയിലെത്തിയപ്പോൾ ഗാൽവൻ താഴ്‌വരയ്‌ക്കുമേൽ ഇന്ത്യയ്‌ക്കുള്ള പരമാധികാരം വ്യക്തമാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

തത്‌സ്ഥിതി നിലനിറുത്തുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ പ്രസ്‌താവനയിൽ ഗാൽവൻ താഴ്‌‌വരയ്‌‌ക്കുമേലുള്ള പരാമാധികാരം വ്യക്തമാക്കുന്നില്ല. രാജ്യ താത്‌പര്യമാണ് പ്രധാനം. കേന്ദ്രസർക്കാരിന് അത് സംരക്ഷിക്കാൻ ബാദ്ധ്യതയുണ്ട്. 20 സൈനികർ കൊല്ലപ്പെട്ടത് ഇന്ത്യൻ അതിർത്തിക്കുള്ളിലാണെന്ന് വിശദീകരിക്കാൻ ചൈനയ്‌ക്ക് അവസരം നൽകിയത് എന്തുകൊണ്ടെന്നും രാഹുൽ ചോദിച്ചു.

ചൈനാ വിഷയത്തിൽ തുടർച്ചയായി സർക്കാരിനെ ആക്രമിക്കുന്ന രാഹുൽ, താൻ അംഗമായ പാർലമെന്റിന്റെ പ്രതിരോധ സമിതിയോഗത്തിൽ ഇതുവരെ പങ്കെടുക്കാത്തതിനെ ബി.ജെ.പി കഴിഞ്ഞ ദിവസം വിമർച്ചിരുന്നു.

അതിനിടെ ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ സേനയുടെ പിൻമാറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 2013ൽ നടത്തിയ ട്വീറ്റുമായി കോൺഗ്രസ് രംഗത്തെത്തി. ചൈനയുമായുള്ള ധാരണയെ തുടർന്ന് ലഡാക്ക് അതിർത്തിയിൽ നിന്ന് അന്ന് ഇന്ത്യൻ സേന പിൻമാറിയത് ചോദ്യം ചെയ്‌‌ത മോദിയുടെ ട്വീറ്റാണ് കോൺഗ്രസ് പുറത്തു കൊണ്ടുവന്നത്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗിനോടാണ് ലഡാക്കിലെ സ്വന്തം പ്രദേശത്ത് നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചത് എന്തിനെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ചോദിച്ചത്. 2013ലെ തന്റെ ചോദ്യത്തിന് മറുപടി നൽകാൻ നരേന്ദ്രമോദിക്ക് ഇപ്പോൾ ബാദ്ധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പറഞ്ഞു.