ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ആകാശവാണി, ദൂരദർശൻ എന്നിവയെ നിയന്ത്രിക്കുന്ന പ്രസാർഭാരതി ബോർഡിൽ അഞ്ച് താത്‌കാലിക അംഗങ്ങളെ ഉൾപ്പെടുത്തി. സംഗീത സംവിധായകൻ സലീം മെർച്ചന്റ്, ബി.ജെ.പി നേതാവും ഫാഷൻ ഡിസൈനറുമായ ഷൈന എൻ.സി, മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ സഞ്ജയ് ഗുപ്‌ത, അശോക് ടണ്ഠൻ, വ്യവസായി അലോക് അഗർവാൾ എന്നിവരാണ് പുതിയ അംഗങ്ങൾ. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അദ്ധ്യക്ഷനായ സമിതിയാണ് കുറച്ചു കാലമായി ഒഴിഞ്ഞു കിടന്ന തസ്‌തികയിലേക്ക് ഇവരെ നോമിനേറ്റ് ചെയ്‌തത്. ആറ് താത്‌കാലിക അംഗങ്ങളുള്ള ബോർഡിൽ ബോളിവുഡ് താരം കാജോൾ നേരത്തെ നിയമിക്കപ്പെട്ടിരുന്നു.