ന്യൂഡൽഹി: ഭീകരർക്കൊപ്പം യാത്ര ചെയ്യവേ അറസ്റ്റിലായ ജമ്മു കാശ്മീർ പൊലീസ് മുൻ ഡിവൈ.എസ്.പി. ദവീന്ദർ സിംഗിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.).
ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ലഭിക്കുന്നതിനായി പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇയാളെ നേരിട്ടു പരിശീലിപ്പിക്കുകയായിരുന്നുവെന്നും ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾക്ക് അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങൾ എത്തിക്കാനാണ് ഇയാളെ ഉപയോഗിച്ചിരുന്നതെന്നും കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐ.എ പറയുന്നു.
ഐ.എസ്.ഐ ആവശ്യപ്പെട്ടത് പ്രകാരം ഹിസ്ബുൾ തീവ്രവാദികൾക്ക് അഭയമൊരുക്കാനും ഇയാൾ ശ്രമിച്ചിരുന്നു. കൂടാതെ ഡൽഹിയിലെ പാകിസ്ഥാൻ എംബസിയിലെ ചില ഉദ്യോഗസ്ഥരുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഇയാൾക്കൊപ്പം അറസ്റ്റിലായ ഹിസ്ബുൾ ഭീകരനെ കാശ്മീരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനായി ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ നേരിട്ടു ചുമതലപ്പെടുത്തിയതാണെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് ദൗത്യം ഏൽപിച്ചതെന്നും എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചു.
തിങ്കളാഴ്ചയാണ് കേസിൽ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചത്. ഭീകരരുമായി ജനുവരി 11 ന് ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ദവീന്ദർസിംഗ് അറസ്റ്റിലായത്. ഇവരടക്കം ആറ് പേർക്കെതിരേയാണ് കുറ്റപത്രം.