hh

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 2019 ഫെബ്രുവരിയിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട ഭീകരാക്രമണ കേസിൽ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തു. ആക്രമണം ആസൂത്രണം ചെയ്‌ത ജയ്ഷെ ഭീകരന് ഒളിത്താവളം ഒരുക്കിയ കാക്‌പോഡ സ്വദേശി ബിലാൽ അഹമ്മദ് കുച്ചെയാണ് അറസ്‌റ്റിലായത്. ഈർച്ചമിൽ നടത്തിപ്പുകാരനായ ഇയാളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ബിലാലിന്റെ വീട്ടിൽ ഭീകരനെ ഒളിപ്പിക്കുകയും സ്‌മാർട്ട് ഫോൺ അടക്കം നൽകുകയും ചെയ്‌തുവെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ സ്‌ഫോടന ദൃശ്യങ്ങൾ ഈ ഫോണിൽ പകർത്തിയതെന്നാണ് വിവരം. കേസിൽ ഇതുവരെ ഏഴുപേർ അറസ്‌‌റ്റിലായി.