cbse

ന്യൂഡൽഹി: സി.ബി.എസ്.ഇ 9 മുതൽ 12-ാംക്ലാസ് വരെയുള്ള സിലബസിലെ മുപ്പത് ശതമാനം ഇക്കൊല്ലം വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിൽ ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങളടക്കം ഒഴിവാക്കിയത് വിവാദത്തിൽ.

കൊവിഡും ലോക്ക് ഡൗണും കാരണം നഷ്ടപ്പെട്ട അദ്ധ്യയന ദിനങ്ങൾ വിദ്യാർത്ഥികളിൽ അമിത പാഠഭാരമുണ്ടാക്കാതിരിക്കാനാണ് 30 ശതമാനം ഒഴിവാക്കിയത്. ഇതിൽ ദേശീയത, മതനിരപേക്ഷത,പൗരത്വം, നോട്ടുനിരോധനം, ജി.എസ്.ടി, അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ നയങ്ങൾ,ഫെഡറലിസം തുടങ്ങിയവയും ഉൾപ്പെടുന്നതാണ് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചത്.

ഒഴിവാക്കിയ

പാഠഭാഗങ്ങൾ

*ഒമ്പതാം ക്ലാസ് -സാമൂഹിക പാഠത്തിൽ ജനാധിപത്യ അവകാശങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ .

*പത്താം ക്ലാസ് -സാമൂഹിക പാഠത്തിൽ ‘ജനാധിപത്യവും നാനാത്വവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യത്തിനുള്ള വെല്ലുവിളികൾ’ ,വനം - വന്യജീവി

*പതിനൊന്നാം ക്ലാസ്- പൊളിറ്റിക്കൽ സയൻസിൽ ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത,ലോക്കൽ ഗവൺമെന്റ്, ബിസിനസ് സ്റ്റഡീസിൽ ജി.എസ്.ടി.

*പന്ത്രണ്ടാം ക്ലാസ്- പൊളിറ്റിക്കൽ സയൻസിൽ സമകാലിക ലോകത്തിലെ സുരക്ഷ, പാരിസ്ഥിതിക, പ്രകൃതി വിഭവങ്ങൾ, ഇന്ത്യയിലെ സാമൂഹ്യവും നവീനവുമായ മുന്നേറ്റങ്ങൾ, കൊളോണിയലിസം, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ ശ്രീലങ്ക, മ്യാന്മർ എന്നീ അയൽക്കാരുമായുള്ള ഇന്ത്യയുടെ ബന്ധം, ബിസിനസ് സ്റ്റഡീസിൽ നോട്ട് നിരോധനം.

ന്യായീകരിച്ച് സി.ബി.എസ്.ഇ

ന്യൂഡൽഹി: സി.ബി.എസ്.സി സിലബസിൽ നിന്ന് മാറ്റിയ പാഠഭാഗങ്ങളെച്ചൊല്ലി വിമർശനം വ്യാപകമായതോടെ , വിശദീകരണവുമായി സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാതി രംഗത്തെത്തി.

ഒഴിവാക്കിയ സിലബസിൽ നിന്ന് 2020-21 കാലയളവിൽ നടക്കുന്ന പരീക്ഷകളിൽ ചോദ്യങ്ങളുണ്ടാകില്ല.

എന്നാൽ പഠിക്കാൻ നൽകുന്ന ഭാഗങ്ങൾ, എടുത്തുമാറ്റുന്ന പാഠഭാഗങ്ങളിലെ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കാൻ പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .എൻ.സി.ഇ.ആർ.ടി കലണ്ടർ പ്രകാരമാവും ഇവ കുട്ടികളിൽ എത്തിക്കുകയെന്നും വിശദീകരണക്കുറുപ്പിൽ പറയുന്നു.