tha

ന്യൂഡൽഹി: കൊവിഡ് അതിരൂക്ഷമായ തമിഴ്‌നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് ബാധ. വൈദ്യുതി മന്ത്രിയും മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ പി.തങ്കമണിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകനും രോഗബാധയുണ്ട്.

ചൊവ്വാഴ്ച വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ തങ്കമണിക്കൊപ്പം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകന് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മുൻമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ബി. വളർമതിക്ക് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. എ.ഐ.എ.ഡി.എം.കെയുടെ എം.എൽ.എമാരായ കെ. പളനി, അമ്മൻ കെ.അർജുനൻ, എൻ.എസ്. പ്രഭാകർ, ആർ. കുമാരഗുരു എന്നിവർക്കും ഡി.എം.കെ എം.എൽ.എമാരായ കെ.എസ് മസ്താൻ, ആർ.ടി അരസു, വസന്തം കെ. കാർത്തികേയൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചു.


ജാർഖണ്ഡ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ

ജാർഖണ്ഡ് ജലവകുപ്പ് മന്ത്രി മിതിലേഷ് താക്കൂറിനും ജെ.എം.എം എം.എൽ.എ മതു മഹാതോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി ഹേമന്ത് സോറൻ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ജാർഖണ്ഡിൽ ഇതുവരെ മൂവായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.