ന്യൂഡൽഹി: യു.എ.ഇ കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിൽ യഥാർത്ഥ പ്രതികളെയും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരെയും പുറത്തുകൊണ്ടുവരുമെന്നും വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
പ്രതികൾക്ക് സർക്കാരിലെ ഉന്നതരുമായുള്ള ബന്ധം മറച്ചുവച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈകഴുകാൻ സാധിക്കില്ല. വിവിധ കേന്ദ്ര ഏജൻസികൾ പഴുതടച്ച അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവരും. കോൺസുലേറ്റിൽ ഒരു പെട്ടി വന്നപ്പോൾ യാദൃച്ഛികമായി സ്വർണം പിടിച്ചതല്ല. ഇത് ഒറ്റ സംഭവമല്ലെന്ന വിവരം ലഭിച്ചുകഴിഞ്ഞു.
വിവിധ കേന്ദ്ര ഏജൻസികൾ ഇടപെട്ടു കഴിഞ്ഞു. സാഹചര്യം വിലയിരുത്തി കൂടുതൽ ഏജൻസികൾ വന്നേക്കും. ആരൊക്കെ ഏതൊക്കെ ഘട്ടത്തിൽ ഇടപെടണമെന്ന് കേന്ദ്രം തീരുമാനിക്കും. കേന്ദ്ര സർക്കാർ അന്വേഷണത്തിൽ ഇടപെടില്ല. ആരുടെയും താത്‌പര്യം അനുസരിച്ചാകില്ല അന്വേഷണം. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല.
നയതന്ത്ര ചാനലിൽ പാഴ്സൽ
വന്നത് അന്വേഷിക്കുന്നു
യു.എ.ഇ കോൺസുലേറ്റിൽ വന്നത് ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നില്ല. ഒരു വ്യക്തി അയച്ചതാണ്. എന്നാൽ നയതന്ത്ര പ്രതിനിധിയുടെ പേരിൽ വന്നതിനാൽ നടപടിക്രമങ്ങൾ പാലിച്ചു. യു.എ.ഇയുമായുള്ള നല്ല ബന്ധം നിലനിറുത്തേണ്ടത് അനിവാര്യമാണ്. കസ്റ്റംസിന് ലഭിച്ച വിവരങ്ങളും പാഴ്സൽ സ്വീകരിക്കാൻ വന്ന ആൾ നൽകിയ രേഖകളിലെ പിഴവുമാണ് പരിശോധനയിലേക്ക് നയിച്ചത്. വിദേശകാര്യ മന്ത്രാലയം വഴി പെട്ടെന്ന് യു.എ.ഇ എംബസിയുടെ അനുമതി ലഭ്യമാക്കി. ഞായറാഴ്‌ച ഉച്ചയോടെ യു.എ.ഇ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് പെട്ടി തുറന്നത്. നയതന്ത്ര ചാനലിൽ പാഴ്സൽ വന്നതെങ്ങനെ എന്ന് വിദേകാര്യ മന്ത്രാലയവും അന്വേഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് കൈകഴുകാനാകില്ല
സംഭവത്തിൽ ഉൾപ്പെട്ട ചിലർക്ക് മുഖ്യമന്ത്രിയുടെ വിശ്വസ്ഥരുമായും സ്‌പീക്കർ അടക്കം ഉന്നതരുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞു. വിമാനത്താവളം കേന്ദ്രസർക്കാരിന്റെ കീഴിലാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കൈകഴുകാനാകില്ല. കേന്ദ്രത്തിന്റെ കീഴിലായതിനാലാണ് സംഭവം പുറത്തറിഞ്ഞത്. കേസ് തേച്ചു മായ്‌ക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകണം. സംഭവത്തിൽ ഉൾപ്പെട്ട ഒരു വ്യക്തിക്ക് ചീഫ് സെക്രട്ടറിയുടെ അധികാരം പോലും മറികടക്കാൻ തക്ക സ്വാധീനമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ആൾ എങ്ങനെ ഐ.ടി വകുപ്പിലെത്തി. കരാർ ജീവനക്കാരി എങ്ങനെ മുഖ്യപരിപാടികളുടെ സംഘാടകയായി. ഇക്കാര്യങ്ങൾ ഇന്റലിജൻസ് അറിയിച്ചില്ലേ. ശിവശങ്കരൻ ഒരു കരുമാത്രമാണ്. അതിലും ആഴത്തിലാണ് ബന്ധങ്ങൾ.