 കസ്‌റ്റംസ് ബോർഡ് മേധാവിക്ക് ചുമതല

 വിവരം അപ്പപ്പോൾ ധനമന്ത്രിക്ക് നൽകും

ന്യൂഡൽഹി: യു.എ.ഇയുമായുള്ള നല്ല ബന്ധം, സംസ്ഥാന സർക്കാരിലെ ഉന്നതർക്ക് ബന്ധമുണ്ടെന്ന ആരോപണം എന്നിവ മുൻനിറുത്തി സ്വർണക്കടത്ത് കേസിന്റെ പിന്നാമ്പുറക്കഥകൾ തെളിയിക്കാൻ കേന്ദ്രസർക്കാർ നേരിട്ട് ഇടപെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്‌ച നടത്തി.

സ്വർണക്കടത്തായതിനാൽ ധനമന്ത്രാലയത്തിന്റെ പരോക്ഷ നികുതി, കസ്‌റ്റംസ് ബോർഡ് നേരിട്ടാണ് അന്വേഷണം. ബോർഡിന്റെ അന്വേഷണ വിഭാഗം മേധാവി സന്ദീപ് മോഹൻ ഭട്നഗറിനാണ് ചുമതല. ഇദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് അന്വേഷണം നടത്തുക.

സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം കസ്‌റ്റംസിന് ലഭിച്ച പ്രാഥമിക വിവരങ്ങൾ നിർമ്മലാ സീതാരാമനെ ഇന്നലെ ധരിപ്പിച്ചു. പ്രധാന വിവരങ്ങളും പുതിയ സംഭവ വികാസങ്ങളും അപ്പപ്പോൾ അറിയിക്കാൻ മന്ത്രി നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും കഴിഞ്ഞ ദിവസം കസ്‌‌റ്റംസിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു.

നയതന്ത്ര ചാനൽ വഴി വന്ന പാഴ്സലിന്റെ പേരിലുള്ള കേസിൽ, യു.എ.ഇയുമായുള്ള ബന്ധത്തെ ബാധിക്കാത്തവിധം അന്വേഷണം നടക്കണമെന്ന് കേന്ദ്രത്തിന് നിർബന്ധമുണ്ട്. യു.എ.ഇ ഔദ്യോഗികമായി അയച്ച പാഴ്സൽ അല്ലെങ്കിലും തിരുവനന്തപുരത്തെ നയതന്ത്ര പ്രതിനിധിയുടെ പേരിലായതിനാലാണ് പരിശോധനയ്‌ക്ക് എംബസിയുടെ ഇടപെടൽ വേണ്ടിവന്നത്. എന്നാൽ വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു.

ബി.ജെ.പിയുടെ ലക്ഷ്യം

മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ് ബി.ജെ.പി ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. സി.പി.എമ്മിനെ ആക്രമിക്കാൻ ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതു വ്യക്തമാക്കുന്നതാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇന്നലത്തെ പത്രസമ്മേളനം.