ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ വികാസ് ദുബെ തലനാരിഴയ്ക്ക് പൊലീസിന്റെ കൈയിൽ നിന്നു രക്ഷപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കൽ ചൗക്ക് പ്രദേശത്തെ ഹോട്ടലിൽ വികാസ് ദുബെ ഒളിവിൽ താമസിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് പാഞ്ഞെത്തിയപ്പോഴേക്കും ഇയാൾ കടന്നു കളഞ്ഞിരുന്നു. അതിനിടെ ഹമിർപുരിലുണ്ടായ ഏറ്റുമുട്ടലിൽ വികാസ് ദുബെയുടെ അടുത്ത അനുയായിയായ അമർ ദുബെയെ പൊലീസ് കൊലപ്പെടുത്തി. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ഹമിർപുർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണിത്. അമർ ദുബെയുടെ പക്കൽ നിന്നും യന്ത്രത്തോക്കും കണ്ടെടുത്തു. വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിൽ അമർ ദുബെയും ഉണ്ടായിരുന്നു.
വികാസ് ദുബെയ്ക്ക് വിവരം നൽകിയ പൊലീസുകാർ അറസ്റ്റിലായി. ചൗബേപുർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനയ് തിവാരിയും എസ്.ഐ കെ.കെ ശർമ്മയുമാണ് അറസ്റ്റിലായത്. ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
റെയിഡിന് മുൻപ് കടന്നു
വികാസ് ദുബെയോട് സാമ്യമുള്ള ഒരാൾ നഗരത്തിലെ ഹോട്ടലിൽ താമസിക്കുന്നതായാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഹോട്ടൽ ഏതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് സംഘം ഹോട്ടലിൽ റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിന് തൊട്ടുമുമ്പ് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. റെയ്ഡിൽ വികാസ് ദുബെയുടെ നാലു കൂട്ടാളികളെ അറസ്റ്റ് ചെയ്തു. പ്രഭാത്, ബന്ധു അങ്കുർ, ശ്യാമു ബാജ്‌പേയ് തുടങ്ങിയവരാണ് പിടിയിലായത്. പ്രഭാതാണ് കാൺപൂരിൽ നിന്നും ഫരീദാബാദ് വരെ വികാസിന് കൂട്ടുവന്നതെന്ന് പൊലീസ് കണ്ടെത്തി. ഫരീദാബാദിൽ ഒളിയിടം തരപ്പെടുത്തിയത് അങ്കുറാണ്. നിരവധി ആയുധങ്ങളും കണ്ടെടുത്തു.
അഞ്ചുലക്ഷം പാരിതോഷികം
ഉത്തർപ്രദേശിനെ ഞെട്ടിച്ച ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ ദുബെയെ അറസ്റ്റ് ചെയ്യാൻ യു.പി പൊലീസ് 25 പ്രത്യേക സംഘങ്ങളായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിന് പുറമേ ഗുരുഗ്രാം, ഡൽഹി തുടങ്ങിയ നഗരങ്ങളിലും ദുബെയ്ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്. വികാസ് ദുബെയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്കുള്ള പാരിതോഷികം അഞ്ചു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.