kk

ന്യൂഡൽഹി: കൊവിഡിൽ നിന്ന് രക്ഷനേടാൻ മുഖാവരണം ധരിക്കാൻ ആവശ്യപ്പെടുമ്പോൾ അത് അനുസരിക്കാൻ വിമുഖത കാട്ടുന്നവരാണ് ഭൂരിഭാഗവും. മറ്റ് ചിലരാകട്ടെ, താടിക്കും കഴുത്തിനും മാസ്‌ക് അണിഞ്ഞ് നടക്കും. ഇതിനിടെ ഒരു കുരങ്ങൻ മാസ്‌ക് ധരിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

വഴിയരികിൽ കൂട്ടം കൂടിയിരിക്കുന്ന കുരങ്ങൻമാരിൽ ഒരാൾ നിലത്തുകിടന്ന തുണിയെടുത്ത് മുഖം മറച്ചുനടക്കുന്ന വിഡിയോയാണ് തരംഗമായത്. നിലത്തുകിടന്ന തുണികഷ്ണം എടുത്ത് തലയും മുഖവും മൂടി നടക്കുന്ന കുരങ്ങന്റെ വിഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുഷാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. 'തലയിൽ കെട്ടുന്ന സ്‌കാർഫ് മുഖാരണമായി ഉപയോഗിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം നിരവധിപേർ കാണുകയും പങ്കുവെക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെ അദ്ദേഹവും നിയമം പാലിക്കാൻ ശ്രമിക്കുന്നുവെന്നാണ് വിഡിയോ ഷെയർ ചെയ്ത ഒരാളുടെ കുറിപ്പ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പൊതുസ്ഥലങ്ങളിലും പുറത്തിറങ്ങുമ്പോഴും സർക്കാർ മാസ്‌ക് നിർബന്ധമാക്കിയിരുന്നു.