നവംബർ വരെ സൗജന്യറേഷനും അംഗീകാരം
ന്യൂഡൽഹി: നഗരങ്ങളിലെ കുടിയേറ്റക്കാർക്കും പാവപ്പെട്ടവർക്കും വിദ്യാർത്ഥികൾക്കും കുറഞ്ഞ വാടകയിൽ ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നൽകി. കേന്ദ്ര സർക്കാരിന്റെ കൊവിഡ് ആശ്വാസ പാക്കേജിന്റെ ഭാഗമാണിത്.
സർക്കാർ ധനസഹായത്തോടെ നിർമ്മിച്ച ഭവനസമുച്ചയങ്ങൾ 25 വർഷത്തേക്ക് പാട്ടത്തിനെടുത്ത് നവീകരിക്കും.600 കോടിയാണ് ചെലവ്. സംസ്ഥാനങ്ങൾ അർഹരായവരെ തരഞ്ഞെടുക്കും. 25 വർഷത്തിനുശേഷം ഈ സമുച്ചയങ്ങൾ പൂർവാവസ്ഥയിലേയ്ക്കു മാറ്റും.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള സൗജന്യറേഷൻ ജൂലായ് മുതൽ നവംബർ വരെ നീട്ടാനും അനുമതി നൽകി. 81 കോടി ഗുണഭോക്താക്കൾക്ക് പ്രതിമാസം 5 കിലോഗ്രാം വീതം അരി അല്ലെങ്കിൽ ഗോതമ്പ്, ഒരു കിലോ കടല എന്നിവ വീതം നവംബർ വരെ നൽകും.ഇതിലൂടെ, ഈ വർഷം കേന്ദ്രസർക്കാരിന് 76,062 കോടി രൂപ അധികച്ചെലവ് വരും.
സൗജന്യ പാചക
വാതക പദ്ധതി
കേന്ദ്രസർക്കാരിന്റെ സൗജന്യ പാചകവാതക പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ജൂലായ് ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് നീട്ടാനുള്ള തീരുമാനത്തിനും അംഗീകാരം നൽക
ഇ.പി.എഫ് വിഹിതം
നൂറിൽ താഴെ ജീവനക്കാരുള്ള ,90ശതമാനം പേരും 15,000 രൂപയിൽ താഴെ പ്രതിമാസവേതനം വാങ്ങുന്ന സ്ഥാപനങ്ങളിൽ തൊഴിലാളികളുടെയും തൊഴിലുടമയുടെയും ഇ.പി.എഫ് വിഹിതം കേന്ദ്രസർക്കാർ അടയ്‌ക്കുന്ന പദ്ധതി ജൂൺ മുതൽ ആഗസ്‌റ്റ് വരെ നീട്ടാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
കാർഷിക പശ്ചാത്തല ഫണ്ട്
കാർഷിക മേഖലയിൽ ഒരു ലക്ഷം കോടി വരെ ഇടക്കാല-ദീർഘകാല ധനസഹായ വായ്പാ നൽകുന്ന കാർഷിക പശ്‌ചാത്തല ഫണ്ടിന് അംഗീകാരം നൽകി. 10,000 കോടിയിൽ തുടങ്ങി അടുത്ത ഓരോ സാമ്പത്തിക വർഷവും 30,000 കോടി രൂപ വീതം നാലു വർഷം കൊണ്ടായിരിക്കും വായ്പകൾ വിതരണം ചെയ്യുക. പ്രതിവർഷം 3ശതമാനം വീതം ഏഴുവർഷം പലിശയിളവും ലഭിക്കും. ആറുമാസം മുതൽ പരമാവധി 2 വർഷം വരെ തിരിച്ചടവിന് മൊറട്ടോറിയം കാലാവധിയുണ്ടാകും.
പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ, മാർക്കറ്റിംഗ് സഹകരണ സൊസൈറ്റികൾ, കർഷക വിള സംഘടനകൾ), സ്വയം സഹായ സംഘങ്ങൾ, കർഷകർ, സംയുക്ത ബാദ്ധ്യതാ ഗ്രൂപ്പുകൾ , വിവിധോദ്ദേശ്യ സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, അടിസ്ഥാനസൗകര്യ ദാതാക്കൾ, പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികൾ എന്നിവയ്‌ക്കാണ് വായ്പ..