gal

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ പ്രദേശങ്ങളായ ഗാൽവൻ താഴ്‌വര, ഹോട്ട്‌സ്‌പ്രിംഗിലെ പട്രോൾ പോയിന്റ് 15 എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ പിൻമാറ്റം പൂർത്തിയാക്കി. ധാരണ പ്രകാരം നിയന്ത്രണ രേഖയ്‌ക്ക് ഇരുവശത്തുമായി രണ്ടു കിലോമീറ്ററോളമാണ് ഇരുപക്ഷവും പിൻമാറിയത്. മറ്റൊരു സംഘർഷ മേഖലയായ പാംഗോഗ് തടാകക്കരയിലെ ഫിംഗർ നാലിൽ ചൈനീസ് സേനാ സാന്നിധ്യം കുറച്ചതായും റിപ്പോർട്ടുണ്ട്.

ഗാൽവനിലും ഹോട്ട്‌‌സ്‌പ്രിംഗിലും ജൂലായ് 6നാണ് സൈനിക പിൻമാറ്റം തുടങ്ങിയത്. ധാരണ പ്രകാരം സൈന്യങ്ങൾ പിൻമാറിയത് ഇരുപക്ഷവും 72 മണിക്കൂർ പരസ്‌പരം നിരീക്ഷിച്ച് ഉറപ്പാക്കി. ഗോഗ്ര മേഖലയിൽ നടപടികൾ ഇന്ന് പൂർത്തിയായേക്കും. പിൻമാറിയ സ്ഥലങ്ങളിൽ ഇരുപക്ഷവും നിരീക്ഷണം തുടരും.

അതേസമയം പാംഗോഗ് തടാകത്തിന് വടക്ക് ഫിംഗർ നാലിൽ നേരിയ തോതിൽ ചൈനീസ് സൈനികരുടെ സാന്നിധ്യം കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇന്ത്യ നിയന്ത്രണ രേഖയായി കരുതുന്ന ഫിംഗർ എട്ടു മുതൽ ഫിംഗർ നാലുവരെ റോഡുകളും ട്രഞ്ചുകളും നിർമ്മിച്ച ചൈനക്കാർ പൂർണമായി പിൻമാറുമെന്ന് സൂചന നൽകിയിട്ടില്ല.