ന്യൂഡൽഹി: കൊവിഡ് വ്യാപകമായതോടെ എവിടെ നോക്കിയാലും മാസ്‌ക് വച്ച മുഖങ്ങൾ മാത്രം. മാസ്‌ക് തിന്നാൻ പറ്റുമോ? ചോദ്യം തമിഴ്‌നാട്ടുകാരോടാണെങ്കിൽ അവർ പറയും: ബീഫും കൂട്ടി കറുമുറേ തിന്നാമെന്ന്. മധുരയിലെ റസ്റ്റോറന്റുകളിൽ മാസ്‌ക് രൂപത്തിലുള്ള മൊരിഞ്ഞ പൊറോട്ടകൾ കിട്ടും. സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് മാസ്‌ക് പൊറോട്ടകൾ. കൊവിഡ് ബോധവത്കരണമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നാണ് ഉത്പാദകർ പറയുന്നത്.
മധുരയിലെ 'ടെമ്പിൾ സിറ്റി' റസ്റ്റോറന്റിൽ നിന്നാണ് മാസ്‌ക് പൊറോട്ടയുടെ ജനനം. ടെമ്പിൾ സിറ്റിയുടെ കീഴിൽ നിരവധി റസ്റ്റോറന്റുകൾ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. രണ്ട് പൊറോട്ടയും കുറച്ചു കറിയും ചേർന്ന സെറ്റിന് 40 രൂപയായിരുന്നു വില. ആവശ്യക്കാർ കൂടിയതോടെ 50 രൂപയാക്കി.
ഹോട്ടലിലെ പ്രധാന പൊറോട്ടയടിക്കാരനായ എസ്.സതീഷാണ് മാസ്‌ക് രൂപം വരുത്തിയത്.
മൈദ, ഡാൽഡ, യീസ്റ്റ്, മുട്ട, പഞ്ചസാര എന്നീ പതിവ് ചേരുവകൾ തന്നെയാണ് മാസ്‌ക് പൊറോട്ടയ്ക്കും.
കുഴയ്ക്കുന്നതിലും പരത്തുന്നതിലുമാണ് പ്രത്യേകത.
പല തരത്തിലുള്ള മാസ്‌ക് പൊറോട്ടകൾ സതീഷ് ഉണ്ടാക്കാറുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്‌ക് വയ്ക്കുന്നതിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ടെമ്പിൾ സിറ്റി ശൃംഖലയുടെ ഉടമ കെ.എൽ. കുമാർ പറഞ്ഞു. മുൻപ് ആളുകൾ മാസ്‌ക് വയ്ക്കാതെ ഹോട്ടലിൽ വരുമായിരുന്നു. ഇപ്പോൾ മാസ്‌ക് വച്ചാണ് മാസ്‌ക് പൊറോട്ട വാങ്ങാൻ വരുന്നത്. ബോധവത്കരണം നല്ലതുതന്നെ പക്ഷേ, ഈ പൊറോട്ടകൾ വയറിന് ദോഷമാകുമോ എന്നാണ് ചിലർ ചോദിക്കുന്നത്.