 അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

 സ്വപ്നയുടെ ഉന്നതബന്ധം ഭീകരബന്ധമുള്ള മാഫിയ ഉപയോഗപ്പെടുത്തി

ന്യൂഡൽഹി: തിരുവനന്തപുരത്ത് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ അന്താരാഷ്‌ട്ര ഭീകരബന്ധമുള്ള മാഫിയ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തെ തുടർന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) ഏല്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് വിലയിരുത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക നീക്കം.

സ്വപ്‌നാ സുരേഷിനുള്ള നയതന്ത്ര,​ രാഷ്ട്രീയ സ്വാധീനം ഭീകരബന്ധമുള്ള മാഫിയ ഉപയോഗപ്പെടുത്തിയെന്നാണ് ഇന്റലിൻസ് വിവരം. അടുത്തിടെ എൻ.ഐ.എയ്‌ക്ക് നിയമഭേദഗതിയിലൂടെ കൈവന്ന അധികാരമുപയോഗിച്ച് കള്ളക്കടത്തിന്റെ വിദേശ ബന്ധങ്ങളും അന്വേഷിക്കാനാകും. അതേസമയം,​ കേസിൽ നിലവിലെ കസ്റ്റംസ് അന്വേഷണം തുടരും. എൻ.ഐ.എ പ്രത്യേക കോടതിയിൽ പുതിയ എഫ്.ഐ.ആർ സമർപ്പിച്ചതിനു ശേഷം,​ അതിൽ കസ്‌റ്റംസ് ആക്ട‌് അനുസരിച്ചുള്ള വകുപ്പുകളും ചേർക്കും.

ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തിന് ഭീകരബന്ധമുള്ളതായി നേരത്തേയും ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഹവാല ഉൾപ്പെടെയുള്ള അനധികൃത പണമിടപാടുകൾക്ക് മൂക്കുകയർ വീണതോടെയാണ് ഇവർ സ്വർണക്കടത്തിലേക്കു തിരിഞ്ഞത്. യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ ദുരുപയോഗപ്പെടുത്തിയുള്ള പങ്കാണ് അന്വേഷിക്കുക. കേസിൽ കാരിയർമാരുടെ വിവരമേ പുറത്തു വന്നിട്ടുള്ളൂ. വൻ സ്രാവുകളുടെ വിശദാംശങ്ങൾ വരാനുണ്ട്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ വിവരങ്ങൾ നേരിട്ട് വിശലകനം ചെയ്യുന്നുണ്ട്. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയത് സംബന്ധിച്ച് ഡോവൽ യു.എ.ഇ അധികൃതരുമായി സംസാരിച്ചിരുന്നു.

എൻ.ഐ.എ വന്നാൽ

1) കാരിയർമാരെ പിടികൂടുന്നതോടെ സ്വർണക്കടത്ത് കേസുകൾ അവസാനിക്കുന്ന രീതി മാറും

2) സ്വർണം കൊടുത്തുവിടുന്നവരും വിമാനത്താവളത്തിൽ വാങ്ങുന്നവരും കുടുങ്ങും

3) സ്വർണം വാങ്ങിയ പണത്തിന്റെയും വിറ്റഴിച്ച് നേടിയ പണത്തിന്റെയും വിവരങ്ങൾ അന്വേഷിക്കാം

4) ഭീകര പ്രവർത്തനങ്ങൾക്ക് സ്വർണക്കടത്തിലെ പണം ഉപയോഗിക്കുന്നത് കണ്ടെത്താം

5) വിദേശ ഏജൻസിയുമായി ചേർന്ന് അന്വേഷിക്കാം. വിദേശത്ത് അറസ്റ്റും എളുപ്പമാണ്

അന്താരാഷ്‌ട്ര ബന്ധമുള്ള മാഫിയ ഉൾപ്പെട്ടെങ്കിൽ അതു രാജ്യസുരക്ഷയ്‌ക്കു തന്നെ ഭീഷണിയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് അന്വേഷണം എൻ.ഐ.എയെ ഏൽപ്പിക്കുന്നത്.

- കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ്