ന്യൂഡൽഹി: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പച്ചമരുന്നുകൾ അരച്ചുചേർത്ത് തയാറാക്കിയ 'സ്പെഷ്യൽ മൈസൂർപാക്ക്' കഴിച്ച് കൊവിഡ് മാറ്റൂ എന്ന് വ്യാജ പ്രചാരണം നടത്തിയ ബേക്കറി പൊലീസ് അടച്ച് പൂട്ടി സീൽ ചെയ്തു.
സിദ്ധ വൈദ്യൻമാരായ പൂർവികരിൽ നിന്ന് കൈമാറി കിട്ടിയ പച്ചമരുന്ന് ചേർത്തുണ്ടാക്കിയതാണ് മൈസൂർ പാക്ക് എന്നും ഇത് കഴിച്ചാൽ ഒറ്റ ദിവസം കൊണ്ട് കൊവിഡ് ഭേദമാവുമെന്നുമായിരുന്നു പ്രചാരണം.
ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കൊവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും അത് ഫലപ്രദമായിരുന്നു എന്നും കടയുടമ വാദിച്ചു.
ഇയാൾ കോയമ്പത്തൂർ നഗരത്തിൽ ‘നെല്ലൈ ലാല സ്വീറ്റ്സ്’ എന്ന പേരിൽ എട്ട് പലഹാരക്കടകൾ നടത്തുന്നുണ്ട്.
‘‘കൊവിഡ് ബാധിതർക്ക് ഒറ്റ ദിവസംകാണ്ട് രോഗമുക്തി, അത്ഭുതം! അതെ, ചിന്നിയംപാളയത്തും വെള്ളാളൂരിലും ഔഷധ മൈസൂർപാക്കിലൂടെയാണ് ഇത് സംഭവിക്കുന്നത്.’’ - എന്നാണ് നോട്ടീസിലെ വാചകം. ഔഷധ മൈസൂർ പാക്ക് അവരുടെ വീട്ടിൽ എത്തിച്ചു നൽകാൻ തങ്ങൾ തയാറാണെന്നും നോട്ടീസിൽ പറയുന്നു.
തന്റെ മുത്തച്ഛൻ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക് ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത് അത്തരം പനികൾ ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് പടരാറുണ്ടായിരുന്നു. ശ്വാസം മുട്ടും അനുഭവപ്പെടും. അത് ലേഹ്യമായി വിൽക്കാൻ പ്രത്യേകം ലൈസൻസ് ആവശ്യമായതിനാൽ ഞങ്ങൾ അത് പലഹാരത്തിൽ പ്രയോഗിച്ചു. 50 പ്രമേഹ രോഗികൾക്കും താൻ ഈ പലഹാരം നൽകിയിട്ടുണ്ടെന്നും ആർക്കും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ വിശദീകരണം.ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. കട സീൽ ചെയ്തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂർ പാക്കും അത് നിർമിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.