സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ എട്ടുലക്ഷത്തോട് അടുക്കവെ, ഇന്ത്യയിൽ സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ.
ചില പ്രദേശങ്ങളിൽ ഉയർന്ന രോഗ വ്യാപനമുണ്ടെങ്കിലും രാജ്യമെന്ന നിലയിൽ പരിഗണിക്കുമ്പോൾ സാമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി. കൊവിഡ് സ്ഥിതി വിലയിരുത്താൻ ചേർന്ന ഉന്നതാധികാര മന്ത്രിതല സമിതി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട അഞ്ച് ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ പത്തുലക്ഷത്തിൽ 538 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 15 പേർ മരിക്കുന്നു. ആഗോള ശരാശരിയാകട്ടെ രോഗ സ്ഥിരീകരണം ദശലക്ഷത്തിന് 1453, മരണം 68.7 എന്നിങ്ങനെയാണെന്നും ഹർഷവർദ്ധൻ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 90ശതമാനം രോഗികളും. ജില്ലകളുടെ കണക്കെടുത്താൽ 49 ജില്ലകളിലാണ് 80ശതമാനം രോഗികൾ. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ആകെ മരണങ്ങളിൽ 86 ശതമാനവും സംഭവിക്കുന്നത്. ജില്ലകളുടെ കണക്കെടുത്താൽ 32 ജില്ലകളിലാണ് 80 ശതമാനം മരണവും.
അൺലോക്ക് 2.0 കാലയളവിൽ, ആരോഗ്യ മന്ത്രാലയത്തിന്റെ മാർനിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളുടെ അതിർത്തി നിർണയിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലും നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. കർശന പ്രാദേശിക നിയന്ത്രണം, അവശ്യ സേവനങ്ങൾ മാത്രം അനുവദിക്കൽ, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, വീടുതോറുമുള്ള നിരീക്ഷണം, പുതിയ കേസുകൾ തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണിന് ചേർന്നുള്ള പ്രദേശങ്ങളെ ബഫർ സോണുകളാക്കി പ്രഖ്യാപിക്കൽ തുടങ്ങിയ നടപടികളെടുക്കും.
കേന്ദ്രവും സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളും സഹകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരും. പൊതുജനാരോഗ്യ വിദഗ്ദ്ധരുൾപ്പെട്ട കേന്ദ്ര സംഘം തീവ്രബാധിത സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും.
യോഗത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ, ഷിപ്പിംഗ് കാര്യ സഹമന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരും പങ്കെടുത്തു.