ന്യൂഡൽഹി:സി.ബി.എസ്.ഇ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചതിന്റെ മറപിടിച്ച് സുപ്രധാന വിഷയങ്ങളെ പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കിയ കേന്ദ്രസർക്കാരിനെ പരിഹസിച്ച് നടനും മക്കൾ നീതി മെയ്യം തലവനുമായ കമൽഹാസൻ.
'വിദ്യാർത്ഥികളുടെ പഠനഭാരം കുറക്കാൻ എന്ന പേരിൽ സി.ബി.എസ്.ഇ സിലബസിൽ നിന്ന് മതേതരത്വം, പൗരത്വം, ജനാധിപത്യ അവകാശങ്ങൾ, ജി.എസ്.ടി തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നു. പകരം ഒരുപക്ഷെ മെയിൻ കാംഫോ, കു ക്ലക്‌സ് ക്ലാൻ ചരിത്രമോ, മാർക്വിസ് ഡി സാഡ്‌സ ജസ്റ്റിനോ ഉൾപ്പെടുത്തിയേക്കാം."- കമൽ ഹാസൻ ട്വീറ്റ് ചെയ്തു.
കൊവിഡ് മൂലം നഷ്ടപ്പെട്ട അദ്ധ്യായനദിനങ്ങൾ കുട്ടികളിൽ അമിത പഠനഭാരം ഏൽപ്പിക്കുന്നതിനായി സി.ബി.എസ്.ഇ ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള സിലബസിന്റെ 30 ശതമാനം ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങളിൽ പൗരത്വം, ദേശീയത, മതനിരപേക്ഷത തുടങ്ങിയ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് കാരണം. ഒന്നാം മോദി സർക്കാറിന്റെ പ്രധാന പരാജയമായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന നോട്ടുനിരോധനവും ജി.എസ്.ടിയും ഒഴിവാക്കിയ പാഠഭാഗങ്ങളിൽപെടും.