ajith-doval

ന്യൂഡൽഹി: പാംഗോഗ് തടാകം, ഡെപ്‌സാംഗ് മേഖലകളിലെ സൈനിക പിൻമാറ്റത്തിന് ധാരണയുണ്ടാക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും തമ്മിൽ ഇന്ന് ചർച്ച നടത്തിയേക്കും. അതിനിടെ കമാൻഡർ തലത്തിലെ ധാരണപ്രകാരം അതിർത്തിയിലെ ഗാൽവൻ, ഹോട്ട്‌ സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിൽ ഇരു സൈന്യങ്ങളും രണ്ടു കിലോമീറ്റർ പിൻവാങ്ങി.

ജൂലായ് അഞ്ചിന് ഡോവലും വാംഗ്‌ യിയും തമ്മിൽ നടന്ന രണ്ടുമണിക്കൂർ ടെലിഫോൺ ചർച്ചയെ തുടർന്നാണ് മൂന്ന് സംഘർഷ മേഖലകളിൽ സൈനിക പിൻമാറ്റം സാദ്ധ്യമായത്. പ്രകോപനങ്ങൾ ഒഴിവാക്കാനായതും നേട്ടമായി. കൂടുതൽ മേഖലകളിൽ സൈനിക പിൻമാറ്റം, അതിർത്തിയിൽ സൈനിക സാന്നിദ്ധ്യം കുറയ്‌ക്കൽ, പ്രകോപനം ഒഴിവാക്കൽ, തൽസ്ഥിതി നിലനിറുത്തൽ, നിയന്ത്രണ രേഖ മാനിക്കൽ എന്നീ വിഷയങ്ങളിലാകും ഇരുവരും വീണ്ടും ചർച്ച നടത്തുക.

ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെങ്കിലും പാംഗോഗ് തടാകത്തിന് വടക്കുള്ള ഫിംഗർ നാല്, ഡെപ്‌സാംഗ് മേഖലകളിൽ നിന്ന് ചൈനീസ് പിൻമാറ്റം എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഫിംഗർ നാലിൽ ചൈന സൈനിക സാന്നിദ്ധ്യം കുറച്ചത് ശുഭസൂചകമായി ഇന്ത്യ കാണുന്നു. സൈനിക പിൻമാറ്റം ദിവസങ്ങളെടുത്ത് പൂർത്തിയാക്കേണ്ട സങ്കീർണ പ്രക്രിയയാണെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. വടക്കൻ ലഡാക് അതിർത്തിയിൽ 25,000ത്തോളം ചൈനീസ് ഭടന്മാർ ഉണ്ടെന്നാണ് വിവരം.

ജൂലായ് ആറിന് ഗാൽവൻ താഴ്‌വരയിൽ തുടക്കമിട്ട സൈനിക പിൻമാറ്റം മൂന്നു മേഖലകളിൽ പൂർത്തിയായി. ഹോട്ട്‌സ്‌പ്രിംഗിലെ പട്രോൾ പോയിന്റ് 15 ന് പിന്നാലെ ഗോഗ്രയിൽ പട്രോൾ പോയിന്റ് 17ൽ ഇന്നലെയാണ് നടപടികൾ പൂർത്തിയായത്. ചൈനീസ് സേനാ നീക്കം ഉറപ്പാക്കിയ ശേഷമാണ് ഇന്ത്യയും രണ്ടുകിലോമീറ്റർ പിൻമാറിയത്.